ബിഗ് സ്‌ക്രീനിനുമുന്നില്‍ ആവേശമൊട്ടും ചോരാതെ അവസാന നിമിഷംവരെ കാത്തിരിപ്പ്, ഒടുക്കം അര്‍ജന്റീന കപ്പുയര്‍ത്തിയപ്പോള്‍ ആരാധകരുടെ ആഘോഷവും; ലോകകപ്പ് ഫൈനല്‍ ഉത്സവമാക്കി കൊരയങ്ങാട്ടെ കളിയാരാധകര്‍
കൊയിലാണ്ടി: നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ജന്മമേകിയ കൊരയങ്ങാട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ ആര്‍പ്പും കുരവയുമായി ലോകകപ്പ്‌ഫൈനല്‍ ആഘോഷമാക്കി കൊരയങ്ങാട് നിവാസികളും. കരിമ്പാപ്പൊയില്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ ബിഗ് സ്‌ക്രീനിലാണ് കൊരയങ്ങാട് ഫുട്‌ബോള്‍ ആരാധകര്‍ കളി കണ്ടത്.
കുഞ്ഞു കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് ലോകകപ്പിലെ ഫൈനില്‍ പോരാട്ടം കാണാന്‍ എത്തിയത്. പ്രത്യേക ഭക്ഷണവും ഒരുക്കിയിരുന്നു. പെനാല്‍റ്റിയിലൂടെ മെസ്സി ഗോളടിച്ചതോടെ ആവേശം അണപ്പൊട്ടി, ഡിമറിയയിലൂടെ വീണ്ടും അര്‍ജന്റീന ഗോളടിച്ചതോടെ ആവേശം ഇരട്ടിയായി.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടു ഗോളിന്റെ വിജയം അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ആത്മവിശ്വാമേകി. എന്നാല്‍ ഫ്രാന്‍സ് വര്‍ധിത വീര്യത്തോടെ രണ്ടു ഗോളുകളും തിരിച്ചടിച്ച തോടെ അര്‍ജന്റീനന്‍ ആരാധകര്‍ നിശബ്ദരായി.
കളി ഇഞ്ച്വറി ടൈമിലേക്കും എക്‌സ്ട്രാ ടൈമിലേക്കും കടന്നപ്പോള്‍ കണ്ണിമവെട്ടാതെ ആരാധകരും സ്‌ക്രീനിലെ ചലനങ്ങള്‍ പിന്തുടര്‍ന്നു. എക്‌സ്‌ട്രൈ ടൈമില്‍ മെസിയിലൂടെ വീണ്ടും അര്‍ജന്റീന ലീഡെടുത്തതോടെ ചില കോണുകളില്‍ ആശ്വാസവും ചിലരില്‍ ആശങ്കയുമായി. എന്നാല്‍ പിന്നാലെ ഫ്രാന്‍സ് വീണ്ടും പെനാല്‍റ്റിയിലൂടെ സമനില വീണ്ടെടുത്തതോടെ അര്‍ജന്റീനിയന്‍ ആരാധകര്‍ വീണ്ടുമൊന്നു ഞെട്ടി.
മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നതോടെ വീണ്ടും ആരവങ്ങളും ആവേശങ്ങളും ഏറി. ഒടുക്കം 4-2ന് അര്‍ജന്റീന സ്വപ്‌നകിരീടത്തില്‍ മുത്തമിട്ടതോടെ ആരാധകരുടെ ആഘോഷമായിരുന്നു.