കൊയിലാണ്ടി കൊല്ലം ചോർച്ചപാലത്തിനു സമീപം വഗാഡിൻ്റെ ലോറി തട്ടി വൈദ്യുതി കമ്പി പൊട്ടി, ജീവനക്കാരൻ നന്നാക്കാനായി പോസ്റ്റിൽ കയറാൻ തുടങ്ങുമ്പോൾ സമീപത്തെ പോസ്റ്റിൽ ലോറി ഇടിച്ച് വീണ്ടും അപകടം, കെ.എസ്.ഇ.ബി ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്


കൊയിലാണ്ടി: വൈദ്യുതി ലൈനിൽ വീണ്ടും വീണ്ടും വഗാഡിൻ്റെ ലോറികൾ ഇടിച്ച് അപകടം, ഇന്ന് വൈകുന്നേരത്ത് കൊല്ലം ചോർച്ചപാലത്തിനു സമീപമാണ് അപകടകരമായ രംഗങ്ങൾ അരങ്ങേറിയത്. വഗാഡിന്റെ ലോറികളുടെ അശ്രദ്ധയിൽ ജീവൻ പോലും പൊലിഞ്ഞേക്കാവുന്ന സംഭവത്തിൽ നിന്ന് കെ.എസ്.ഇ.ബി ജീവനക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി.

ബൈപ്പാസ് നിർമ്മാണ കമ്പനി വഗാഡിൻ്റെ ടിപ്പർ ലോറി 11 കെ.വി. ലൈനിൽ ഇടിച്ചു ലൈൻ പൊട്ടുകയുണ്ടായി. വിവരമറിഞ്ഞ ഉടനെത്തന്നെ ഇത് നന്നാക്കാൻ എത്തിയതായിരുന്നു കെ.എസ്.ഇ.ബി ജീവനക്കാർ. പ്രശ്നം പരിഹരിക്കാൻ പോസ്റ്റിലേക്ക് കയറാൻ തുടങ്ങുന്ന സമയത്താണ് സമീപത്തെ പോസ്റ്റിൽ വാഗാഡിന്റെ മറ്റൊരു ലോറി ഇടിച്ചു വീണ്ടും അപകടമുണ്ടായത്.

തലനാരിഴയ്ക്ക് ജീവനക്കാരൻ രക്ഷപെടുകയായിരുന്നു. ‘ഒരു മിനിറ്റ് കൂടി കഴിഞ്ഞിരുന്നെങ്കിൽ ജീവനക്കാരൻ പോസ്റ്റിൽ കയറിയേനെ, ആ അപകടത്തിൽ ജീവന് വരെ ഹാനി വരാൻ ഇടയവുമായിരുന്നു. അത്ഭുതകരമായാണ് ജീവനക്കാരൻ രക്ഷപെട്ടത്. വാഗാഡ് കമ്പനിയുടെ വാഹനങ്ങളുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു അപകടമുണ്ടായത്’. കെ.എസ്.ഇ.ബി ജീവനക്കാരൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

 

കേളുവേട്ടൻ മന്ദിരം, കൊല്ലം ഗേറ്റ്, എസ്എൻഡിപി കോളേജ്, കുന്നത്ത് താഴെ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി.

മണ്ണ് ഇറക്കുന്ന വാഗാഡിൻ്റെ വലിയ ടിപ്പർ ലോറിയാണ് പുറകുവശത്തെ ഗാരേജ് ഉയർത്തിയത് മൂലം വരുത്തിവെച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെയും കമ്പനിക്കെതിരെയും കേസെടുക്കണമെന്ന പ്രതിഷേധത്തിലാണ് നാട്ടുകാർ.

ഇത്തരത്തിൽ കഴിഞ്ഞ ദിവസവും അപകടകരമായ അവസ്ഥയ്ക്ക് വാഗാഡ് കമ്പനിയുടെ വാഹനം ഇടയാക്കിയതായി കെ.എസ്.ഇ.ബി ജീവനക്കാരൻ പറഞ്ഞു. അത്തവയലിൽ പോസ്റ്റിൽ സമാനമായ രീതിയിൽ പോസ്റ്റിൽ വാഹനം ഇടിയ്ക്കുകയും അപകടം ഉണ്ടാവുകയും ചെയ്തു. കറന്റ് സപ്ലൈ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഉണ്ടാവുകമായിരുന്നു. കെ.എസ്.ഇ ബി യുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ആ അപകട നിലപ്രശ്നം ഗുരുതരമാവാതെ രക്ഷപെട്ടത്. വാഗാഡിന്റെ അശ്രദ്ധപൂർണ്ണവും അപകടകരമായ ഡ്രൈവിംഗ് മൂലം നിരവധി പ്രശ്നങ്ങളാണ് തുടർച്ചയായി ഉണ്ടാവുന്നത്, ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നു കെ.എസ്.ഇ,ബി ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.