ബാലുശ്ശേരി സ്വദേശിനി വ്ലോഗ്ഗർ റിഫയുടെ മരണം; ആത്മഹത്യാ പ്രേരണ കേസിൽ ഭർത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു


Advertisement

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത വിവാഹം ചെയ്ത സംഭവത്തിൽ പോക്‌സോ കേസിൽ ഇയാൾ റിമാന്ഡിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മെഹ്‍നാസിന്റെ നീലേശ്വരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

Advertisement

ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ചപ്പോഴും മൃതദേഹം ഉടനെ തന്നെ തന്നെ മറവ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അവിടെ പോസ്റ്റുമാർട്ടം ചെയ്തതാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

Advertisement

മെഹ്‍നാസിന്റെ പെരുമാറ്റത്തിലുൾപ്പെടെ അസ്വാഭാവികത തോന്നിയതോടെ കുടുംബാംഗങ്ങൾ പരാതി നൽകുകയായിരുന്നു. ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Advertisement

എന്നാൽ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് റിഫക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് അവരെ മെഹ്നാസ് വിവാഹം ചെയ്തതെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് മെഹ്നാസ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. മൂന്നു വർഷം മുൻപ് വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു വയസ്സുള്ള മകനുണ്ട്. ജനുവരിയിലാണ് ഇവർ ദുബായിലെത്തിയത്.