ഇത് കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേട്ടം; ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ സമ്പൂര്‍ണ്ണ നേട്ടം കൈവരിച്ചതിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ സമ്പൂര്‍ണ്ണ നേട്ടം കൈവരിച്ചതിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ. 2023 ബ24 സാമ്പത്തിക വര്‍ഷം വരെ ജില്ലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന് രണ്ടാം സ്ഥാനമാണ് കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചത്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന മികച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ വച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസില്‍ നിന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പട്ട് അവാര്‍ഡ് ഏറ്റുവാങ്ങി.

ലൈഫ് ഫേസ് 1, ഫേസ് 2 ഘട്ടങ്ങളിലുള്ള ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനും പൂര്‍ത്തീകരണത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. ഗുണഭോക്തൃ സംഗമങ്ങള്‍കുടുംബാംഗങ്ങള്‍ക്കായുള്ള ചിത്രരചന, ഉപന്യാസം മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ വീട് പൂര്‍ത്തീകരണത്തിനായി വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന് സാധിച്ചു. നഗരസഭയുടെ മറ്റു പദ്ധതികളില്‍ സംയോജനം നടത്തി കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കുകയും ചെയ്തു.


ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ സുധാകരന്‍, ലൈഫ് കോര്‍ഡിനേറ്റര്‍ രചന വിആര്‍ എന്നിവര്‍ പങ്കെടുത്തു.