അറുപത് നിരീക്ഷണ ക്യാമറകള്‍, രണ്ട് ടവര്‍ എയ്ഡ് പോസ്റ്റ്, ഗതാഗത നിയന്ത്രണം; ശക്തന്‍കുളങ്ങര ക്ഷേത്രമഹോത്സവത്തിന് കര്‍ശന സുരക്ഷാ മുന്നൊരുക്കങ്ങള്‍
കൊല്ലം: ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം സുരക്ഷിതമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രധാന പരിപാടികള്‍ നടക്കുന്ന മാര്‍ച്ച് നാല് അഞ്ച് ആറ് ദിവസങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു.
കൊയിലാണ്ടി സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ് തെക്കേടത്ത്, സൈലേഷ്.പി.എം എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക. ആഘോഷ ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ 300 മീറ്റര്‍ പരിസരം സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി അറുപത് സി.സി.ടി.വി ക്യാമറകളാണ് ക്ഷേത്ര പരിസരത്ത് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സി.ഐയുടെ ഫോണുമായി ബന്ധപ്പിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്.
ക്ഷേത്രവും പരിസരവും പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കും. രണ്ട് ടവര്‍ എയ്ഡ് പോസ്റ്റുകള്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ച്ച് ആറ് ഏഴ് ദിവസങ്ങളില്‍ തൃശൂരില്‍ നിന്നുള്ള എലിഫെന്റ് സ്‌ക്വാഡും സ്ഥലത്തുണ്ടാവും.
ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ വടകരയില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന റോഡാണ് മേപ്പയ്യൂര്‍ നെല്ല്യാടി റോഡ്. അതിനാല്‍ മാര്‍ച്ച് ആറാം തിയ്യതി വൈകുന്നേരം രണ്ട് മണിക്കൂര്‍ മാത്രമേ പൂര്‍ണമായി ഗതാഗതം നിയന്ത്രിക്കൂ. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ ദിവസത്തെ കാര്യങ്ങള്‍ പൊലീസും ക്ഷേത്രത്തിലെ ലോ ആന്റ് ഓര്‍ഡര്‍ ചെയര്‍മാന്‍ അഭിലാഷ് പാറപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും വിലയിരുത്തും.
ഒരു പ്രദേശത്തിന്റെ ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പാണ് ഉത്സവം. വളരെ സമാധാനപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നടത്താന്‍ പൊലീസും ക്ഷേത്ര അധികൃതരും നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊതുജനങ്ങളുടെ കൂടി പിന്തുണയുണ്ടാവണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.