വിയ്യൂർ നെല്യാടി റോഡിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് പോസ്റ്റ് ഒടിഞ്ഞു; മൂടാടി സെക്ഷനിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു


കൊയിലാണ്ടി: വിയ്യൂർ നെല്യാടി റോഡിൽ വൈദ്യുതി വിതരണ ലൈനിന് മുകളിൽ തെങ്ങ് പൊട്ടി വീണു. തിങ്കളാഴ്ച രാത്രി ഒമ്പതേ മുക്കാലോടെയാണ് സംഭവം. ലൈനിന് മുകളിൽ തെങ്ങ് വീണതിനെ തുടർന്ന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.

കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി വീണ തെങ്ങ് മുറിച്ച് നീക്കി. പോസ്റ്റ് റോഡിലേക്ക് പൊട്ടിവീണതിനാൽ ഇവിടെ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി അടിയന്തിര പ്രവൃത്തികൾ നടത്തുന്നുണ്ട്.

തെങ്ങ് വീണ് ലൈൻ പൊട്ടിയതോടെ മൂടാടി സെക്ഷനിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ചിലയിടങ്ങളിൽ ഇതിനകം ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.

കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ നിധി പ്രസാദ്, ബബീഷ്, സനൽരാജ്, നിതിൻരാജ്, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.