‘കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടോ?’; കരുതിയിരിക്കാം ചെങ്കണ്ണ് രോഗത്തെ


നാദാപുരം: ചെങ്കണ്ണ് രോഗം നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാകുന്നു. സാധാരണഗതിയില്‍ ചൂടുകാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കുന്ന ഈ അസുഖം നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും വ്യാപകമാവുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളിലെ ഹാജര്‍ നില വളരെയധികം കുറഞ്ഞിട്ടുണ്ട്.

കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വൈറസും ബാക്ടീരിയയുമാണ് രേഗകാരികളായി പ്രവൃത്തിക്കുന്നത് എന്നതിനാല്‍ എളുപ്പത്തില്‍ ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പടരുന്ന രോഗമാണ് ചെങ്കണ്ണ്. രോഗം വന്നയാളുമായോ അയാളുപയോഗിക്കുന്ന വസ്തുക്കളുമായോ സമ്പര്‍ക്കം ഉണ്ടായാല്‍ വളരെ വേഗം പകരുംഎന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

കൈകള്‍ ഇടക്കിടെ കഴുകുക ഉള്‍പ്പെടെയുള്ള വ്യക്തി ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ഇലക്കറികളുടെ സ്ഥിരമായ ഉപയോഗവും രോഗപ്രതിരോധത്തിന് സഹായകമാണ്.രോഗം പിടിപെട്ട ഒരാള്‍ക്ക് പൂര്‍ണമായി ഭേദപ്പെടാന്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. ആന്‍റി ബയോട്ടിക്കുകളും നേത്രപരിചരണത്തിനുള്ള ഓയിന്റ്മെന്റുകളുമാണ് സാധാരണ രോഗം സുഖപ്പെടുത്താനായി നല്‍കിവരുന്നത്.