പത്തുകോടിക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചില്ല, റവന്യൂവകുപ്പില്‍ നിന്നുള്ള സര്‍വ്വേ നടപടികളും വൈകുന്നു, ഒപ്പം റോഡ് സൗകര്യക്കുറവും; നടേരി വലിയമലയിലെ വെറ്ററിനറി സര്‍വ്വകലാശാല ഉപകേന്ദ്രം പ്രവൃത്തി വൈകുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ വെറ്ററിനറി സര്‍വകലാ ശാലയുടെ ഉപകേന്ദ്രം തുടങ്ങുന്നതിന് സര്‍വകലാശാല അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച പത്തുകോടിയുടെ പദ്ധതിയ്ക്ക് ഇനിയും അനുമതി ലഭിച്ചില്ല. മൃഗസംരക്ഷണ-ധനകാര്യ വകുപ്പില്‍ നിന്നും അനുമതി ലഭിച്ചാല്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം നടേരി വലിലയ മലയില്‍ യാഥാര്‍ത്ഥ്യമാകും.
സംസ്ഥാന റൂറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിന് പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. ഫണ്ട് നല്‍കുന്നതില്‍ അനുമതിലഭിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് വെറ്റിനറി സര്‍വകലാശാല ഉപകേന്ദ്രം നടേരി വലിയമലയില്‍ യാഥാര്‍ഥ്യമാകും.
ഉപകേന്ദ്രം സ്ഥാപിക്കാനായി വലിയ മലയില്‍ നഗരസഭ നല്‍കിയ നാലേക്കര്‍ സ്ഥലം റവന്യൂ വകുപ്പ് സര്‍വേചെയ്ത് അളന്നുതിട്ടപ്പെടുത്തി കൊടുക്കുന്നതും വൈകുന്നുണ്ട്. രണ്ട് മാസം മുമ്പ് അളക്കുന്ന പ്രവൃത്തി നടന്നിരുന്നെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
നഗരസഭ അനുവദിച്ച വലിയമലയിലേക്ക് ഗതാഗത സൗകര്യം കുറവാണെന്നതും പദ്ധതി നടത്തിപ്പിനെ ബാധിക്കാനിടയുണ്ട്. ഇവിടേക്ക് റോഡ് വികസന സൗകര്യമടക്കം ഒരുക്കുന്നതിനായി കൊയിലാണ്ടി നഗരസഭ ബജറ്റില്‍ 25ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കുറച്ചുകൂടി സ്ഥലം ലഭ്യമായാല്‍ സര്‍വകലാശാലയുടെ ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജും ഇവിടെ ആരംഭിച്ചേക്കും.കന്നുകാലി വന്ധ്യതാ നിവാരണകേന്ദ്രം, റിസര്‍ച്ച് സെന്റര്‍, സംരംഭകത്വ പരിശീലനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തില്‍ വലിയമലയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.
മലബാര്‍ ആടുകളുടെ സംരക്ഷണകേന്ദ്രവും ഇവിടെയുണ്ടാവും. സര്‍വകലാശാലയുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ തിരുവാഴം കുന്നില്‍ കന്നുകാലി ഗവേഷ ണകേന്ദ്രം, തൃശ്ശൂര്‍ തുമ്പൂര്‍മുഴിയില്‍ കന്നുകാലി പ്രജനനകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണുത്തി, പൂക്കോട് കാമ്പസുകളില്‍ കന്നുകാലി, ആട്, പന്നി, കാട, താറാവ് ഫാമുകള്‍ ഉണ്ട്. പൂക്കോട് കാമ്പസില്‍ എമു ഫാമുമുണ്ട്. പാല്‍, ഇറച്ചി, മുട്ട സംസ്‌ക്കരണ യൂണിറ്റുകള്‍ തുടങ്ങാനും വെറ്ററിനറി സര്‍വകലാശാല ആലോചിക്കുന്നുണ്ട്.