ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി വില കൊടുത്ത് വാങ്ങേണ്ട; വന്മുഖം കോടിക്കല്‍ എ.എം യു.പി സ്‌കൂളില്‍ കുട്ടികളുടെ പച്ചക്കറി കൃഷി വിളവെടുത്തു


മൂടാടി: കുട്ടികള്‍ക്കുള്ള ഭക്ഷണ പാകം ചെയ്യാന്‍ പച്ചക്കറി എത്തിയില്ലല്ലോ എന്ന ആശങ്ക വന്മുഖം കോടിക്കല്‍ എ.എം യു.പി സ്‌കൂള്‍ അധ്യാപകര്‍ക്കില്ല. എന്തെന്നാല്‍ സ്‌കൂള്‍ മുറ്റത്തുള്ള സഞ്ചികളില്‍ നട്ടിരിക്കുന്ന ചെടിയില്‍ നിന്ന് അവ പറിച്ചെടുക്കേണ്ട ജോലിയേ അവര്‍ക്കുള്ളു. സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹരിത പാഠം എന്ന പേരിലാണ് കുട്ടികള്‍ പച്ചക്കറി കൃഷി നടത്തുന്നത്. പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.


400 ഓളം സഞ്ചികളിലായി വെണ്ട, വഴുതിന, തക്കാളി, പച്ചമുളക് എന്നിവയാണ് സ്‌കൂളില്‍ കൃഷി ചെയ്തത്. പി.ടി.എ അംഗങ്ങളായ പി.വി. മജീദ്, നൗഷാദ് തയ്യില്‍, നസീര്‍ എഫ്.എം, സലീം, പി.ടി ശശി കയ്യാടത്ത് എന്നിവരാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. മൂടാടി ഗ്രാമ പഞ്ചായത്ത്, കൃഷി വകുപ്പ്, പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവരുടെ പിന്തുണയുമായതോടെ പച്ചക്കറി കൃഷി വന്‍ ഹിറ്റായി.

എഫ്.എം നസീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പര്‍ ഇന്‍ഷിദ.പി, മജീദ് പി.വി, ഷൗക്കത്ത് കുണ്ടുകുളം, റഷീദ് കൊളറാട്ടില്‍, യൂസഫ് ദാരിമി, ശശി കയ്യാടത്ത്, നൗഷാദ് തയില്‍ ഫൈസല്‍.ഇ തുടങ്ങിയവര്‍ സംസാരിച്ചു. എ.മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും ഒ.സനില്‍കുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.