വിത്തെറിഞ്ഞ് വിളവെടുത്തത് വെണ്ടയും ചീരയും വഴുതനയും; ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്തു
പന്തലായനി: ആന്തട്ട ഗവ. യു.പി.സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ മഹിളാ കിസാന്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ ‘വിത്തെറിയാം വിളവെടുക്കാം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയിരുന്നത്.
ദേശീയ പാതക്കരികില്‍ വ്യവസായ ഗ്രൂപ്പായ മുന്നാസില്‍ നിന്നും താല്‍ക്കാലികമായി വിട്ടു കിട്ടിയ 20 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരുന്നത്. പൂര്‍ണമായും ജൈവിക രീതിയില്‍ നടത്തിയ കൃഷി 10 അംഗ എം.പി.ടി.എ ഗ്രൂപ്പ് ആണ് കൃഷി നിയന്ത്രിച്ചത്.
മദര്‍ പി.ടി.എ ഗ്രൂപ്പിലെ 10 പേര്‍ക്ക് ട്രാക്ടര്‍ ഓടിക്കാനുള്ള പരിശീലനവും നല്‍കി. ഡ്രിപ്പ് ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്ക് വെള്ളവുമെത്തിച്ചു. വെണ്ട, വഴുതിന, പയര്‍, മുളക്, ചീര എന്നിവയുടെ വിളവെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടത്തിയത്.
വിളവെടുപ്പുത്സവം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷയായി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ജുബീഷ്, സുധ കാവുങ്കല്‍പൊയില്‍, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധന്‍, കെ. ഉസ്മാന്‍, പി. പവിത്രന്‍, ശ്രീധരന്‍ കുറ്റിയില്‍, പി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.