‘രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുജീവിതവും മനുഷ്യസ്‌നേഹത്തിലൂന്നിയാവണം’; പേരാമ്പ്രയിലെ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന വേളയില്‍ വി.ഡി.സതീശന്‍
പേരാമ്പ്ര: രാഷ്ട്രീയ പ്രവത്തനവും പൊതു ജീവിതവും മനുഷ്യ സ്‌നേഹത്തില്‍ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നിടത്താണ് യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകര്‍ അംഗീകരിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പേരാമ്പ്രയില്‍ പുതുതായി ആരംഭിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹസ്ത നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ മാതൃകയാക്കി സംസ്ഥാന തലത്തില്‍ ഇത്തരം ചാരിറ്റി സംവിധാനം ആരംഭിക്കും. അതിന്റെ ആരംഭം കുറിക്കലായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിനെ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 20 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഹസ്ത സ്നേഹവീട് പദ്ധതി ഡി.സി.സി പ്രസിഡന്റ് അഡ്വ കെ.പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു. രോഗങ്ങള്‍ കൊണ്ട് ഉപജീവന മാര്‍ഗം നഷ്ടപെട്ടവര്‍ക്ക് പെട്ടിക്കടകള്‍ നല്‍കുന്ന ജീവനം പദ്ധതി ഡോ എം.ഹരിപ്രിയ നിര്‍വഹിച്ചു.
ആദ്യ പെട്ടിക്കടയുടെ താക്കോല്‍ ദാനം പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചു. എല്ലാമാസവും 20 കിടപ്പ് രോഗികള്‍ക്ക് മെഡിസിന്‍ വിതരണം ചെയ്യുന്ന പദ്ധതി ഡോ സി.കെ.വിനോദ് നിര്‍വഹിച്ചു. കെ.ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, ആര്‍.കെ.മുനീര്‍, കെ.മധുകൃഷ്ണന്‍, കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.ഇമ്പിച്ചിആലി, ഏ.കെ.തറുവയി, ഇ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ.വിനോദന്‍, ഒ.എം.രാജന്‍ മാസ്റ്റര്‍, കെ.പ്രദീപന്‍, വി.ആലിസ് ടീച്ചര്‍, ഇ.പദ്മിനി, ചിത്രാ രാജന്‍, ആര്‍.പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.