‘കോഴിക്കോട് മാത്രമല്ല, അങ്ങ് കൂത്താട്ടുകുളത്തുമുണ്ടെടാ വടകര’; കൂടെ നമ്മുടെ മുത്തപ്പനും
വടകര: വടകര എവിടെയാണെന്ന് ചോദിച്ചാല്‍ കേരളത്തിലെവിടെയുള്ളവര്‍ക്കും ഒരുത്തരമുണ്ട്. എന്നാല്‍ കൂത്താട്ടുകളത്തുള്ളവര്‍ക്ക് മറ്റൊരു ഉത്തരമാണുണ്ടാവുക. കാരണം അവിടെ മറ്റൊരു വടകരയുണ്ട്. വടകരമാത്രമല്ല, മറ്റൊരു മുത്തപ്പനും അവിടെയുണ്ട്.
കൂത്താട്ടുകുളം ടൗണില്‍ നിന്ന് വെറും മൂന്ന് കി.മി. അകലെയാണ് വടകര. അവിടുത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ പേരാണ് മുത്തപ്പന്‍ പള്ളിയെന്നത്. പേരുകളിലെ ഈ സാമ്യത വെറും യാദൃച്ഛികമല്ല. നമ്മുടെ വടകരയുമായി നേരിട്ട് ബന്ധമുള്ള ഒരു ഐതിഹ്യമുണ്ട് അതിന് പിന്നില്‍.
കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്ന് എട്ടാം നൂറ്റാണ്ടില്‍ എത്തിയ കാല്‍നട തീര്‍ഥാടകര്‍ തങ്ങിയപ്പോഴുണ്ടായ ദിവ്യാനുഭവത്തെ തുടര്‍ന്ന് പള്ളി സ്ഥാപിച്ചെന്നും അതിന് സ്വന്തം നാടിന്റെ പേരിട്ടെന്നുമാണ് ഐതിഹ്യം.
മറ്റൊരു പ്രത്യേകതയും കൂടിയുണ്ട് കൂത്താട്ടുകുളം വടകരയിലെ സെന്റ് ജോണ്‍സ് സിറിയന്‍ പള്ളിയെന്ന മുത്തപ്പന്‍ പള്ളിക്ക്. കന്നുകാലികള്‍ക്ക് ഉണ്ടാവുന്ന രോഗങ്ങള്‍ ഭേദമാക്കാനുള്ളതാണണ് ഈ പള്ളിയിലെ പ്രധാന വഴിപാട്. പശുക്കള്‍, കന്നുകുട്ടികള്‍, ആട്, കോഴി, പാല്‍ തുടങ്ങിയവാണ് ഇവിടെ വഴിപാട്. ശബരിമല തീര്‍ഥാടകരും മുത്തപ്പന്റെ കുരിശടിയില്‍ വഴിപാട് സമര്‍പ്പിച്ചാണ് യാത്ര തുടരുക.
പൂര്‍ണമായും പേര്‍ഷ്യന്‍ ശില്‍പകലയില്‍ രൂപകല്‍പ്പന ചെയ്ത മുത്തപ്പന്‍ പള്ളി ഒരു വാസ്തുശില്‍പ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും കൗതുകമുണ്ടാക്കുന്നതാണ്. വിവിധ കാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെങ്കിലും പള്ളിയുടെ പഴമയ്ക്ക് കോട്ടം തട്ടിയിട്ടില്ല. പള്ളിക്കകത്ത് ഒറ്റത്തടിയില്‍ പേര്‍ഷ്യന്‍ കൊത്തുപണികളോടെ തീര്‍ത്തിട്ടുള്ള പ്രസംഗപീഠമുണ്ട്. സ്‌നാപകയോഹന്നാന്റെ ചിത്രവും ചുവര്‍ചിത്രങ്ങളും കൊത്തുപണികളും ഇരുനില മച്ചിന്‍പുറവും കൂറ്റന്‍ പള്ളിമണിയുമെല്ലാം ആകര്‍ഷകമാണ്.
പണ്ട് പത്രങ്ങളുടേയും കന്നുകാലികളുടെയും ഏറ്റവും വലിയ മാറ്റച്ചന്തയായിരുന്നു വടകര പള്ളി മൈതാനി.
Summary: Vatakara and Muthappan in Koothattukulam. And a fun story behind it.