ഉത്സവക്കാഴ്ചകള്‍ വര്‍ണ്ണങ്ങള്‍കൊണ്ട് മനോഹരമാക്കി ഇരുപതോളം ചിത്രകാരന്മാര്‍; കാണികളില്‍ കൗതുകമുണര്‍ത്തി പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ചുള്ള വര്‍ണ്ണാര്‍ച്ചന


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് ചിത്രരചനയും വില്‍പ്പനയും സംഘടിപ്പിച്ചു. വര്‍ണ്ണാര്‍ച്ചന എന്ന പേരില്‍ നടത്തിയ പരിപാടി ഇരുപത് ചിത്രകലാകാരന്മാര്‍ വര്‍ണ്ണങ്ങളും ചായങ്ങളും കൊണ്ട് മനോഹരമാക്കി.

രാവിലെ പന്ത്രണ്ട് മണിയ്ക്കായിരുന്നു ചിത്രരചന തുടങ്ങിയത്. ആര്‍ട്ടിസ്റ്റ് മദനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകളാണ് ചിത്രകാരന്മാര്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ വിലകൊടുത്ത് വാങ്ങുകയും ചെയ്യാം. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിനുവേണ്ടിയുള്ളതാണ്.

ജീവിതാരംഭം മുതല്‍ അവസാനം വരെയുള്ള ഗാന്ധിജിയുടെ ചിത്രങ്ങള്‍ വരച്ചുകൊണ്ട് ശ്രദ്ധനേടിയ ചിത്രകാരനും പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപനുമായ സുരേഷ് ഉണ്ണി, തിരുവങ്ങൂര്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ഹാരൂണ്‍ അല്‍ ഉസ്മാന്‍, വരമുഖി കൂട്ടായ്മയുടെ സ്ഥാപകയായ മജ്‌നി തിരുവങ്ങൂര്‍ തുടങ്ങി പൊയില്‍ക്കാവിലും സമീപ പ്രദേശങ്ങളിലുമുള്ള ചിത്രകലാകാരന്മാരാണ് വര്‍ണ്ണാര്‍ച്ചന ഒരുക്കുന്നത്.

ചിത്രങ്ങള്‍ കാണാനും വാങ്ങാനുമായി നിരവധി പേരാണ് ക്ഷേത്ര പരിസരത്തെത്തിയത്. ഇഷ്ടപ്പെട്ട ചിത്രങ്ങളും അതിന് നല്‍കുന്ന മോഹവിലയും സംഘാടകരെ അറിയിക്കുകയും ഇതില്‍ ഏറ്റവും കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് ആ ചിത്രം കൈമാറുകയുമാണ് ചെയ്യുക. വൈകുന്നേരം അഞ്ച് മണിവരെയായിരുന്നു പരിപാടി.