ലേഡീസ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു; ചെന്നൈയില്‍ വടകര സ്വദേശിനിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വെട്ടി പരിക്കേല്‍പ്പിച്ചു
ചെന്നൈ: ലേഡീസ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍.പി.എഫ്) വനിതാ കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. വടകര പുറമേരി സ്വദേശിനിയായ എന്‍.എന്‍.ആശിര്‍വയ്ക്കാണ് (23) വെട്ടേറ്റത്.
ചെന്നൈയിലെ സബര്‍ബന്‍ ട്രെയിനിലാണ് സംഭവം. കത്തി കൊണ്ടുള്ള ഒറ്റവെട്ടില്‍ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ളമുറിവേറ്റു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനിലെ സുരക്ഷാ ഡ്യൂട്ടിയായിരുന്നു ആശിര്‍വയ്ക്ക്. ബീച്ച് സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് പിറകിലുള്ള ലേഡീസ് കോച്ചില്‍ ബഹളം കേട്ടാണ് ആശിര്‍വ അങ്ങോട്ട് ചെന്നത്.
മദ്യലഹരിയിലായിരുന്ന യുവാവ് ലേഡീസ് കോച്ചില്‍ കയറിയതിനെ ചൊല്ലിയായിരുന്നു ബഹളം. യാത്രക്കാരികള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇറങ്ങിപ്പോയില്ല. തുടര്‍ന്ന് ആശിര്‍വയും ഇയാളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
വീണ്ടും ഇറങ്ങാന്‍ ആവശ്യപ്പെട്ടതോടെ യുവാവ് കയ്യിലിരുന്ന വലിയ കത്തിയെടുത്ത് വെട്ടുകയായിരുന്നു. യുവാവ് വീണ്ടും ആക്രമിക്കുമെന്ന ഭീതിയില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് രക്തം ഒലിപ്പിച്ച് കൊണ്ട് ആശിര്‍വ പുറത്തേക്ക് ചാടി. തൊട്ടുപിന്നാലെ യുവാവും ചാടി രക്ഷപ്പെട്ടു.
പരിക്കേറ്റ ആശിര്‍വയെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Summary: Railway Protection Force (RPF) woman constable was allegedly stabbed on a suburban train in Chennai by a man, who was said to be in an inebriated condition, when she asked him to get down from a ladies coach Tuesday night.