കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി ശല്യം ചെയ്ത സംഭവം: പ്രതിയെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ സഹായം തേടിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കളുടെ പരാതി


കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ബസില്‍ ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയ്‌ക്കെതിരെ ബസ് സ്റ്റാന്റിനരികിലുണ്ടായിരുന്ന പിങ്ക് പൊലീസിനോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പ്രതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പ്രതിയോട് സംസാരിച്ചശേഷം പെണ്‍കുട്ടിയോട് ‘മറ്റു പരാതിയൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

പിങ്ക് പൊലീസുകാരോട് ഭാഷ മനസിലാവുന്നില്ലെന്ന് പ്രതി പറഞ്ഞെന്നും ഇതിന് പിന്നാലെ പ്രതിയെ വിട്ടയച്ചുവെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് സ്റ്റാന്റിലുണ്ടായിരുന്ന ഹേം ഗാര്‍ഡാണ് പെണ്‍കുട്ടിയുടെ സഹായത്തിനെത്തിയത്. ഇയാള്‍ പ്രതിയുമായി സംസാരിച്ച് പേരും വിലാസവും കുറച്ചെടുക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് ഉടനടി നടപടിയെടുക്കുകയുമായിരുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ഇയാളെ ഇന്ന് പുലര്‍ച്ചെ തന്നെ താമസസ്ഥലത്തുവെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നു.

പിങ്ക് പൊലീസിനെതിരെ രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരാണ് നടപടിയെടുക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കി. പരാതി കിട്ടിയ ഉടന്‍ തന്നെ പൊലീസ് കൃത്യമായി ഇടപെട്ടിട്ടുണ്ട്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


Breaking News: കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍