കാലിക്കറ്റ് സര്‍വകലാശാല നാല് വര്‍ഷബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയാം വിശദമായി


കോഴിക്കോട്: 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 1ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം. ഇതില്‍ 35 ഗവ. കോളേജുകള്‍, 47 എയ്ഡഡ് കോളേജുകള്‍, 219 സ്വാശ്രയ കോളേജുകള്‍, സര്‍വകലാശാലയുടെ 10 സ്വാശ്രയ സെന്ററുകള്‍ എന്നിവയാണ് ഉള്ളത്. ബി.എ. 47, ബി.എസ്.സി. 37, ബി.കോം. 5, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.

അപേക്ഷാഫീസ്: എസ്.സി / എസ്.ടി 195/ രൂപ, മറ്റുള്ളവര്‍ 470/ രൂപ. വെബ്‌സൈറ്റ് www.admission.uoc.ac.in. ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് CUFYUG-REGULATIONS 2024ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളില്‍ പഠനം പൂര്‍ത്തികരിക്കാം.

2024-25 അധ്യയന വര്‍ഷ പ്രവേശനം മുതല്‍ ബി.കോം., ബി.ബി.എ. എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ക്കും സ്‌പെഷ്യലൈസേഷന്‍ ഉണ്ടായിരിക്കും. വിവിധ കോളേജുകളില്‍ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്‌പെഷ്യലൈസേഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍ / നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്.

ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള / ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സെല്‍ഫ് ഫിനാന്‍സിങ് കോഴ്സുകളുടെ ഫീസ് എയ്ഡഡ് / ഗവണ്‍മെന്റ് കോഴ്സുകളുടെ ഫീസില്‍ നിന്നു വ്യത്യസ്തമായിരിക്കും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവര്‍ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തിയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.