ദേശീയപാതാ വികസനം: മുചുകുന്ന് റോഡ്, ഹില്‍ബസാര്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുമെന്ന് എന്‍.എച്ച്.എ.ഐ


കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. നേരത്തേയുള്ള പ്ലാനില്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ദേശീയപാതയിലെയും പുതുതായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതയിലുമാണ് വിവിധ അണ്ടര്‍പാസുകള്‍ വരുന്നത്.

ദേശീയപാതാ വികസനത്തിന്റെയും കൊയിലാണ്ടി ബൈപ്പാസിന്റെയും ആദ്യ പ്ലാനില്‍ അണ്ടര്‍പാസ് ഇല്ലാതിരുന്ന അയനിക്കാട്, പെരുമാള്‍പുരം, തിക്കോടി പഞ്ചായത്ത് പരിസരം, മൂടാടി-ഹില്‍ബസാര്‍ റോഡ്, ആനക്കുളം മുചുകുന്ന് റോഡ്, പൊയില്‍ക്കാവ്, പൂക്കാട് എന്നിവിടങ്ങളില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കുമെന്ന ഉറപ്പാണ് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ പയ്യോളി ടൗണില്‍ നിര്‍മ്മിക്കുന്ന എലവേറ്റഡ് പാതയുടെ നീളം കൂട്ടാന്‍ തീരുമാനിച്ചതായും എന്‍.എച്ച്.എ.ഐ അധികൃതര്‍ അറിയിച്ചു.


Hot News: ‘അച്ഛന് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, 2023 ആയെങ്കിലും ഇപ്പോഴും പലര്‍ക്കും കുലസ്ത്രീ സങ്കല്‍പ്പം ഉണ്ട്’; സ്ത്രീകളോടുള്ള മലയാളികളുടെ മോശം സമീപനത്തിനെതിരെ തുറന്ന് പ്രതികരിച്ച് യുവതാരം നയന എല്‍സ


ദേശീയപാത വികസിപ്പിക്കുമ്പോള്‍ റോഡിന് മറുവശമെത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങളാണ് ആദ്യം ഉയര്‍ത്തിയത്. പലയിടത്തും ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യക്ഷ പ്രതിഷേധം ഉള്‍പ്പെടെ നടന്നിരുന്നു. തുടര്‍ന്ന് അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അന്ന് ധാരണയായ ഇക്കാര്യമാണ് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡ്, മേപ്പയ്യൂര്‍ റോഡ് എന്നിവിടങ്ങളില്‍ അടിപ്പാതയും താമരശ്ശേരി റോഡില്‍ ഓവര്‍പാസും നിര്‍മ്മിക്കുന്ന തരത്തിലായിരുന്നു ആദ്യത്തെ പ്ലാന്‍. എന്നാല്‍ നിരവധി യാത്രക്കാരുള്ള മുചുകുന്ന് റോഡില്‍ അണ്ടര്‍പാസ് വേണം എന്നാവശ്യപ്പെട്ടാണ് ആദ്യം സമരം നടന്നത്. പിന്നീട് ബൈപ്പാസ് കടന്നുപോകുന്ന ഹില്‍ബസാറിലും അണ്ടര്‍പാസ് ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തിറങ്ങി.

സമാനമായാണ് നിലവിലെ ദേശീയപാതയിലെ മറ്റിടങ്ങളിലും അണ്ടര്‍പാസ് നിര്‍മ്മിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്ന് ഉയര്‍ന്നത്. ആറ് വരിയില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ അണ്ടര്‍പാസ് ഇല്ലാതെ മറുവശത്തേക്ക് കടക്കാന്‍ സാധിക്കില്ല. അണ്ടര്‍പാസ് ഇല്ലാത്ത ഇടങ്ങളില്‍ കിലോമീറ്ററുകള്‍ അധികദൂരം സഞ്ചരിച്ച് വേണം മറുവശം കടക്കുവാന്‍. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.