അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത് നൂറുകണക്കിന് ആളുകള്‍; മുസ്ലിം ലീഗ് നേതാവ് ഇ.സി.ഷിഹാബിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്


Advertisement

ഉള്ളിയേരി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉള്ളിയേരിയിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇ.സി.ഷിഹാബിന്റെ മൃതദേഹം ഖബറടക്കി. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഖബറടക്കം നടന്നത്.

തെരുവത്ത് കടവിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ കുടുംബത്തെ കാണിച്ച ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്.

തെരുവത്ത് കടവ് പള്ളിയിലും കിഴുക്കോട് ജുമാഅത്ത് പള്ളിയിലും നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ കൂടുതല്‍ തവണ നിസ്‌കാരം നടത്തേണ്ടി വന്നു. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഖബറടക്കം നടന്നത്.

Advertisement

രാഷ്ട്രീയഭേദമന്യെ ഏവര്‍ക്കും സുപരിചിതനായിരുന്നു ഷിഹാബ്. തികച്ചും അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം നാടിന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹം തിരിച്ചുവരണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു നാട്.

ഏറെക്കാലമായി മുസ്ലിം ലീഗിന്റെ സജീവന പ്രവര്‍ത്തകനാണ് ഇ.സി ഷിഹാബ് റഹ്മാന്‍. തെരുവത്ത് കടവ് സ്വദേശിയാണെങ്കിലും ഉള്ള്യേരി പഞ്ചായത്തിലുള്ള ഒട്ടുമിക്കയാളുകള്‍ക്കും പരിചിതനായിരുന്നു. ലീഗില്‍ അദ്ദേഹത്തിനുമേല്‍ വന്ന പല ഉത്തരവാദിത്തങ്ങളും ഭംഗിയായി പൂര്‍ത്തിയാക്കിയ വ്യക്തിത്വം. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗിന്റെ കൗണ്‍സിലര്‍, മുസ്ലിം ലീഗ് ബാലുശേരി മണ്ഡലം കൗണ്‍സിലര്‍, ഉള്ള്യേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement

നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളും അദ്ദേഹം സജീവമായിരുന്നു. ചാരിറ്റി റീലിഫ് സെല്ലിന്റെ ഭാരവാഹിയായിരുന്നു. ഉള്ള്യേരി പഞ്ചായത്തിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലില്‍ അംഗവുമാണ്. വലിയൊരു സൗഹൃദവലയത്തിന്റെ ഉടമ കൂടിയാണ് ഷിഹാബ് റഹ്മാന്‍.

സെക്കന്റ് ഹാന്‍ഡ് പിക്കപ്പ് ഓട്ടോ വാങ്ങാനായി മകന്‍ ഇഹ്ജാസിനൊപ്പം തിരുവനന്തപുരത്തേക്ക് പോയതായിരുന്നു അദ്ദേഹം. പിക്കപ്പ് ഓട്ടോയുമായി തിരിച്ചുവരവെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയില്‍വെച്ചായിരുന്നു അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മാരുതി എര്‍ട്ടിഗ കാര്‍ അദ്ദേഹം സഞ്ചരിച്ച വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

Advertisement

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പരിസരവാസികളും കാര്‍ യാത്രക്കാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഷിഹാബ് റഹ്മാനെ ഉടനെ വെന്റിലേറ്ററിലാക്കിയെങ്കിലും ഇന്ന് കാലത്തോടെ മരണപ്പെടുകയായിരുന്നു.

മകന്‍ ഇഹ്ജാസിന്റെ ഇരുകാലുകളിലെയും അസ്ഥികള്‍ പൊട്ടിയെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നിന്നും ഹെഡ് കോണ്‍സ്റ്റബിള്‍ ആയി വിരമിച്ച പരേതനായ എടച്ചാലില്‍ അസന്‍ കുട്ടിയുടെയും സുലൈഖയുടെയും മകനാണ്. അബൂബക്കര്‍, ഷക്കീല, ഷാഹിദ, ഷഹര്‍ബാന്‍ എന്നിവര്‍ സഹോദരരാണ്. മഹ്സൂമയാണ് ഭാര്യ.

മക്കള്‍: ഇഹ്ജാസ്, നബ്ഹാന്‍, റാഹിദ് ഹസന്‍, ലാരിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.