വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവം; പെരുവട്ടൂർ എൽ.പി സ്കൂളിൽ ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്   


കൊയിലാണ്ടി: നിയന്ത്രിക്കാൻ പ്രിസൈഡിങ് ഓഫീസർ. ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ് പോളിങ് ഓഫീസറും സെക്കൻഡ് പോളിങ് ഓഫീസറും. വോട്ട് ചെയ്യാനായി ഇരുനൂറോളം പേർ. പൂർണ്ണ നിയന്ത്രണം കുട്ടിപ്പൊലീസിന്.

നമ്മുടെ നാട്ടിൽ നടക്കുന്ന ഏതൊരു പൊതു തെരഞ്ഞെടുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പെരുവട്ടൂർ എൽ.പി സ്കൂളിൽ ലീഡറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് തന്നെ അറിഞ്ഞതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ.

സ്ഥാനാർത്ഥികൾ വിവിധ ക്ലാസുകളിൽ കയറിയാണ് വോട്ട് അഭ്യർത്ഥിച്ചത്. ഇരുനൂറോളം വിദ്യാർത്ഥികളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വിദ്യാർത്ഥികൾ തന്നെയാണ് പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ, സെക്കന്റ് പോളിങ് ഓഫീസർ എന്നീ ചുമതലകൾ നിർവ്വഹിച്ചത്.

വാശിയേറിയ മത്സരത്തിനൊടുവിൽ പ്രബൽ എസ്. പ്രമോദ് കുമാർ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.