കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. ചെറുവണ്ണൂര്‍, നല്ലളം തെക്കേ പാടം സി.കെ ഹൗസില്‍ ഷാക്കില്‍(29), പുതിയങ്ങാടി പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് യുവാക്കള്‍ പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്.

കോഴിക്കോട് കൊളത്തറയില്‍ വച്ചാണ് 14 ഗ്രാം എം.ഡി.എം.എയുമായി ഷാക്കിലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.ഡി.പി.എസ് കേസെടുത്ത് പ്രതിയെ ജെ.എഫ്.സി.എം -5 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസാണിത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വില വരും.

നഗരത്തില്‍ ഇരുചക്രവാഹനത്തില്‍ മാവൂര്‍ റോഡില്‍ വെച്ച്, 70 ഗ്രാം ഹാഷിഷുമായാണ് നൈജല്‍ റിക്‌സിനെ അറസ്റ്റ് ചെയ്തത്. എന്‍.ഡി.പി.എസ് കേസെടുത്ത പ്രതിയെ ജെ.എഫ്.സി.എം -3 കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ വില്പനയ്ക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഹാഷിഷിന് ഇന്ന് വിപണിയില്‍ അര ലക്ഷത്തോളം രൂപ വിലവരും. പ്രതിയുടെ പേരില്‍ നേരത്തേയും മയക്കുമരുന്ന് കേസ് എടുത്തിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ഉറവിടം ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചനകളും ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പറഞ്ഞു.

ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബു, ഇന്റലിജന്‍സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഇന്റലിജന്‍സ് വിഭാഗം, ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.

summary: two youths arrested with deadly drug in kozhikode city