കോഴിക്കോടു നിന്നും സമീപ ജില്ലകളില്‍ നിന്നുമായി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍


കോഴിക്കോട്: വിദേശരാജ്യങ്ങളില്‍ ജോലിക്ക് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ഒട്ടേറെയാളുകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ രണ്ടുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ പായിപ്പുല്ല്, തുവ്വൂര്‍, വള്ളിക്കപറമ്പില്‍ ഹൗസില്‍ താജുദീന്‍ (31), ചുങ്കം കരുവാരക്കുണ്ട് കോന്തന്‍ കുളവന്‍ഹൗസില്‍ മുഹമ്മദ് ഷഹര്‍ (32) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.

കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ ‘അല്‍ഫാന്‍സ എച്ച്.ആര്‍. സൊലൂഷന്‍’ എന്ന സ്ഥാപനം നടത്തുന്ന പ്രതികള്‍ വിദേശത്ത് ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. പറഞ്ഞ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതായതോടെയാണ് ആളുകള്‍ നടക്കാവ് പോലീസില്‍ പരാതിനല്‍കിയത്. ഇവരുടെ പേരില്‍ നാല് കേസുകളെടുത്തു.

മലപ്പുറം, വയനാട് ജില്ലകളിലും ഇവര്‍ സമാനമായ രീതിയില്‍ ഒട്ടേറെ ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.പോലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞതോടെ എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു പ്രതികള്‍.

കഴിഞ്ഞദിവസം മലപ്പുറത്തെ വീട്ടില്‍ താജുദീന്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, അര്‍ധരാത്രി പോലീസ് അവിടെയെത്തി. പ്രതി രക്ഷപ്പെടാതിരിക്കാന്‍ പോലീസ് സാഹസികമായി വീടിന് മുകളില്‍ക്കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാണ്ടിക്കാട് വാടകവീട്ടില്‍നിന്നാണ് ഒളിവില്‍ക്കഴിഞ്ഞ മുഹമ്മദ് ഷഹറിനെ കസ്റ്റഡിയിലെടുത്തത്.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.