പിടികൂടിയത് പയ്യോളിയിലടക്കം മോഷണക്കേസില്‍ പ്രതിയായ യുവാവിനെ; കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന 260 ഗ്രാം കഞ്ചാവുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. ചേളന്നൂര്‍ സ്വദേശി ചുഴലി പുറത്ത് വീട്ടില്‍ അതുല്‍ (19 വയസ്സ്) കാരപ്പറമ്പത്ത് കിഴക്കയില്‍ മേത്തല്‍ വീട്ടില്‍ അഭയ്‌ദേവ് (23 വയസ്സ്) എന്നിവരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്.
പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊട്ടന്‍ മുറി ഇടക്കാട്ടുതാഴം റോഡില്‍ വെച്ച് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കുമായിവരുന്നത് കണ്ടു സംശയം തോന്നി വണ്ടി കൈകാണിച്ചു നിര്‍ത്തി പൊലീസ് ഇവരെ പരിശോധിക്കുകയായിരുന്നു.
പ്രതിയായ അതുലിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. അഭയ് ദേവിന് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും കേസ് നിലവിലുണ്ട്. കൂടാതെ ഇയാള്‍ക്കെതിരെ വൈത്തിരി, പയ്യോളി, കൂരാച്ചുണ്ട്, നടക്കാവ് സ്റ്റേഷനുകളില്‍ മോഷണത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുകള്‍ നിലവിലുണ്ട്.
സ്റ്റേഷന്‍ എസ്.ഐയും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ എസ്.ഐമാരായ പൗലോസ്, രോഹിത്.കെ, ഹോം ഗാര്‍ഡുമാരായ അജിത്, കുര്യാക്കോസ് എന്നിവരുണ്ടായിരുന്നു. കൂടാതെ ഇയാള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മയക്കുമരുന്ന് കൈവശം വെച്ചതിനും, മോഷണത്തിനും തുടങ്ങി 12 ഓളം കേസുകളില്‍ പ്രതിയായിരുന്നു. പ്രതികള്‍ കാക്കൂര്‍, ബാലുശ്ശേരി, കോഴിക്കോട് സിറ്റി മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറയായി വില്‍പ്പന നടത്തുന്നവരാണെന്നും മോഷണം ഒരു കൈമുതലാക്കി മാറ്റിയവരാണെന്നും ചേവായൂര്‍ പോലീസ് പറഞ്ഞു.