പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ


കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്.

ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജിതിൻ കോഴിക്കോട്ടെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. വിശദമായി ചോദ്യം ചെയ്യലിൽ ഒൻപതു വയസുള്ളപ്പോൾ ബിനുവും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.