‘കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ ചെയര്‍മാനായതിനാലാണ് ബി.ജെ.പിയുമായി വേദി പങ്കിട്ടത്’; വിശദീകരണവുമായി ടി.ടി ഇസ്മയില്‍
കൊയിലാണ്ടി: കെ റെയില്‍ വിരുദ്ധ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലക്കാണ് ബി.ജെ.പിയുമായി വേദി പങ്കിട്ടതെന്ന് മുസ്ലീം ലീഗ് നേതാവ് ടി.ടി ഇസ്മയില്‍. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയ്ക്ക് വെങ്ങളം കാട്ടില്‍പ്പീടികയില്‍ നല്‍കിയ സ്വീകരണത്തില്‍ ടി.ടി ഇസ്മയില്‍ പങ്കെടുക്കുകയും പ്രവര്‍ത്തകര്‍ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി വേദി പങ്കിട്ട സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് ടി.ടി ഇസ്മയില്‍ രംഗത്തെത്തിയത്.
കെ റെയില്‍ എന്ന ദുരിത അവസ്ഥ അനുഭവിക്കേണ്ടി വരുന്നത് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ, മത, ജാതി വിഭാഗങ്ങള്‍ക്കല്ല. മറിച്ച് കേരള ജനത ഒന്നടങ്കമാണ്. ഇതില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍.എം.പി, ബി.ജെ.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, രാഷ്ട്രീയ ആദര്‍ശങ്ങളില്ലാത്തവര്‍ അങ്ങനെ സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങളും ഇതിന്റെ ഇരകളാണ്. അവരെല്ലാം ചേര്‍ന്ന സമര സമിതിയാണ് കഴിഞ്ഞ 542 ദിവസങ്ങളായി കാട്ടിലപ്പീടികയില്‍ സമരം നയിക്കുന്നത്. സ്വാഭാവികമായും സമര പ്രവര്‍ത്തകര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കെ റെയില്‍ വിഷയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സമര സമിതിയുടെ ചെയര്‍മാന്‍ എന്ന നിലക്ക് ക്ഷണിക്കപ്പെട്ടാല്‍ പങ്കെടുക്കേണ്ടത് എന്റെ കടമയാണെന്നും ഇസ്മയില്‍ പറഞ്ഞു.
രാഷ്ട്രീയമായി ഭിന്ന ധ്രുവങ്ങളിലാണങ്കിലും ഈ വിഷയത്തില്‍ കൊടിനിറം നോക്കാതെ ഏത് സംഘടന ചെയ്യുന്ന സമരവുമായും ഐക്യപ്പെടുന്നു. അത് ഒരു സമര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കെ റെയില്‍ സമരത്തില്‍ ഞങ്ങളോടൊപ്പം അണിനിരന്നവരോട് പാലിക്കേണ്ട സാമാന്യ മര്യാദയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വേദിയില്‍ ഏറ്റുവാങ്ങിയ അനുമോദനം തനിക്കുള്ളതല്ല, മറിച്ച് കേരളത്തിലെ ഓരോ കെ റെയില്‍ വിരുദ്ധ സമര പ്രവര്‍ത്തകനെയും പ്രതിനിധീകരിച്ചുള്ളതാണ് ഇസ്മയില്‍ പറഞ്ഞു.
കെ റെയില്‍ സമര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബി ജെ പി യുടെ വേദിയില്‍ പങ്കെടുത്തപ്പോഴും അവരുടെ മുദ്രാവാക്യം ഞാന്‍ ഏറ്റു വിളിക്കാത്തിടത്തോളം കാലം, എന്റെ ശ്വാസത്തിന് തുല്യമായി ഞാന്‍ കൊണ്ട് നടക്കുന്ന എന്റെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എന്നെ തള്ളിപറയില്ല എന്ന പൂര്‍ണ്ണ വിശ്വാസം എനിക്കുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഞാന്‍ കാരണം മാനസിക പ്രയാസം ഉണ്ടായെങ്കില്‍ ഞാന്‍ അവരോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇസ്മയില്‍ പറഞ്ഞു.
കെ റെയിലിനെതിരെ ബിജെപിയുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാവ് ബി.ജെ.പി വേദിയിലെത്തിയത്. കെ റെയില്‍ വിരുദ്ധ ജാഥാ വേദിയില്‍ ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചത് ലീഗിന്റെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്നു സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ടി.ടി ഇസ്മയില്‍ രംഗത്തെത്തിയത്.