കൊല്ലം പിഷാരികാവിലും ത്രിപഞ്ചകം ഹിറ്റാണ്! കൊട്ടിക്കയറി കലാമണ്ഡലം ശിവദാസന്‍മാരാരും കൂട്ടരും, പരിസരം മറന്ന് ആസ്വദിച്ച് മേളപ്രേമികള്‍- കാളിയാട്ട മഹോത്സവത്തിലെ മൂന്നാംദിനം ധന്യമാക്കിയ മേളപ്പെരുമഴ കാണാം


കൊയിലാണ്ടി: കേട്ട് പരിചിതമല്ലാത്ത, അടുത്തെങ്ങുമുള്ള ഉത്സവങ്ങളില്‍ അത്രത്തോളം കണ്ടിട്ടാല്ലാത്ത ഒരു മേളം, വെറുമൊരു മേളമെന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും, മേളപ്പെരുമഴ അതായിരുന്നു കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ മൂന്നാംദിനം മേളാസ്വദകര്‍ക്ക് ലഭിച്ചത്. വൈകുന്നേരത്തെ ശീവേലിയില്‍ ക്ഷേത്രാങ്കണത്തില്‍ കലാമണ്ഡലം ശിവദാസന്‍മാരാരും കൂട്ടരും കൊട്ടിക്കയറിയപ്പോള്‍ ഒപ്പത്തിനൊപ്പം ആസ്വാദകരും അവര്‍ക്കൊപ്പം കൂടി, പരിസരം പോലും മറന്ന്.

മേളങ്ങളില്‍ ഏറെ പുതിയ ത്രിപഞ്ചകമാണ് കൊട്ടിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി വെൡമുക്ക് ശഅരീധറനാണ് ത്രിപഞ്ചകം ചിട്ടപ്പെടുത്തിയത്. അറുപത് അക്ഷരത്തില്‍ മൂന്ന് കാലങ്ങളിലായാണ് മേളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മേളപ്രേമികള്‍ക്കിടയില്‍ ത്രിപഞ്ചകം ഹിറ്റ് ആയിക്കഴിഞ്ഞു. കൊല്ലം പിഷാരികാവിലെ മേളത്തോടെ ത്രിപഞ്ചകത്തിന് കൂടുതല്‍ ആരാധകരുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

2016ല്‍ തന്റെ അറുപതാം പിറന്നാള്‍ വേളയിലാണ് ശ്രീധരന്‍ ത്രിപഞ്ചകം എന്ന വേറിട്ട വാദ്യമേളം ചിട്ടപ്പെടുത്തിയത്. 2017 ജനുവരിയില്‍ രാമനാട്ടുകര പാലക്കല്‍ ദുര്‍ഗാ ക്ഷേത്രത്തില്‍വെച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും കലാമണ്ഡലം ശിവദാസന്‍മാരാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ മേളം അവതരിപ്പിച്ചത്.