പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും, ഒപ്പം ട്രെക്കിങ്ങും; കേരളത്തിന്റെ ഊട്ടിയിലേക്ക് ഒരു യാത്ര പോയാലോ…


വധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? പച്ചപ്പും കോടമഞ്ഞും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്പോട്ട് തന്നെയായാലോ?വടക്കിന്റെ വാഗമൺ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം.

കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ്‌ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. ആന, പുലി, കാട്ടുപന്നി, കുരങ്ങ്‌, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ്‌ കര്‍ണാടകത്തിലെ കൂര്‍ഗ്‌ മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്‌.

അനുമതി വാങ്ങി പുൽമേടുകളിലേക്കു നടന്നു തുടങ്ങാം. പകൽപോലും ഇരുട്ടുള്ള, ജീവജാലങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ചോലക്കാട്ടിലൂടെ നടന്നുവേണം പുൽമേടുകളിലേക്കെത്താൻ. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ്‌ പാതയുണ്ട്‌. സഹ്യപർവതത്തിന്റെ മുകളറ്റം തൊടാൻ കിട്ടുന്ന അപൂർവ അവസരമാണു റാണിപുരം നൽകുന്നത്.

ഊട്ടിയുടെ മനോഹാരിതയോടും അന്തരീക്ഷത്തോടും സാമ്യമുള്ള റാണിപുരത്തെ ‘കേരളത്തിന്റെ ഊട്ടി’ എന്നും വിളിക്കുന്നു. മാടത്തുമല എന്ന പേരിലാണ് ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത്. നിത്യഹരിത ചോലവനങ്ങളും കാട്ടുപൂക്കളും മേടുകളും വിശാലമായ പുൽമേടുകളും ആകർഷിക്കുന്ന ട്രെക്കിങ് പ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും പറുദീസയാണിവിടം.

കാസർകോട് നിന്ന് 65 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. അതിരാവിലെ കാസർകോട് നിന്നോ കാഞ്ഞങ്ങാട്ടുനിന്നോ തിരിച്ചാൽ രണ്ടുമണിക്കൂർ കൊണ്ട് റാണിപുരത്തെത്താം. വിനോദസഞ്ചാരികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോട്ടേജുകൾ ഒരുക്കിയിട്ടുണ്ട്.

കാഴ്ചകൾ ആസ്വദിച്ച് ട്രെക്കിങ്ങിന് പോകാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് റാണിപുരം. തലക്കാവേരിയി സന്ദര്‍ശിക്കാം: കാവേരി നദിയുടെ ആരംഭസ്ഥാനമായ കുന്നിന് താഴെയാണ് തലക്കാവേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള പ്രശസ്തമായ ക്ഷേത്രം സന്ദർശിക്കാം. ബേക്കൽ ഫോർട്ട്: കാസർേഗാഡ് എത്തിയാൽ ബേക്കൽ കോട്ട കാണാതെ മടങ്ങരുത്. ബേക്കൽ ഫോർട്ടില്‍ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ റാണിപുരത്ത് എത്താം.