ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വേ ഭൂമിയില്‍ ട്രാക്കുകളും മെയിന്റനന്‍സ് സെന്ററും; കോഴിക്കോടിന്റെ കൊച്ചുവേളിയായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു


കൊയിലാണ്ടി: തിരുവനന്തപുരം കൊച്ചുവേളി മാതൃകയില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നത് പരിഗണനയില്‍. കൊയിലാണ്ടിയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വേയുടെ ഏക്കറുകണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി ട്രാക്കുകളും മെയിന്റനന്‍സ് സെന്ററും അനുവദിച്ചുകൊണ്ട് സ്റ്റേഷന്‍ വികസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

കോഴിക്കോട്, വടകര സ്റ്റേഷനുകളില്‍ സ്ഥലപരിമിതി മൂലം കൂടുതല്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ സാധ്യമല്ല ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി പരിഗണിക്കപ്പെടുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താവാനുളള നടപടികള്‍ നടക്കുകയാണ്. എന്നാല്‍ സ്ഥലപരിമിതിയാണ് കോഴിക്കോടിന്റെ പ്രധാന പ്രശ്നം. കൂടുതല്‍ വണ്ടികള്‍ നിര്‍ത്തിയിടാനുളള ട്രാക്ക് സൗകര്യം കോഴിക്കോടില്ല. കോഴിക്കോടിന്റെ സ്ഥലപരിമിതിക്ക് പരിഹാരമായി ഒരു പിറ്റ് സ്റ്റേഷനായി കൊയിലാണ്ടിയെ മാറ്റിയെടുക്കുന്നതാണ് ആലോചനയിലുള്ളത്.

റെയില്‍വേ അധീനതയില്‍ ഏക്കര്‍ കണക്കിന് ഭൂമി കൊയിലാണ്ടിയിലുണ്ട്. റെയില്‍വേയ്ക്ക് ആവശ്യമായ മെറ്റലുകള്‍ സൂക്ഷിക്കുന്നത് കൊയിലാണ്ടിയിലാണ്. ഈ ഭൂമി ഉപയോഗപ്പെടുത്തിയാല്‍ വണ്ടികള്‍ വൃത്തിയാക്കാനും, ആവശ്യമായ മെയിന്റനന്‍സ് പ്രവൃത്തികള്‍ നടത്താനും കൊയിലാണ്ടിയില്‍ സൗകര്യം ലഭിക്കും.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടികള്‍ക്ക് മെയിന്റനന്‍സ്, ക്ലീനിങ് ഉള്‍പ്പടെ ചെയ്യുന്നത് തൊട്ടടുത്തുളള കൊച്ചു വേളിയിലാണ്. ഇവിടെ എട്ടു ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്.