അഞ്ചംഗ സംഘം കാറിന്റെ ഗ്ലാസ് തകര്‍ത്ത് യാത്രക്കാരെ ആക്രമിച്ചു; പെരുവണ്ണാമൂഴിയില്‍ വിനോദസഞ്ചാരത്തിനായി പോയപ്പോള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മണിയൂര്‍ സ്വദേശികള്‍


പെരുവണ്ണാമൂഴി: വിനോദ സഞ്ചാരത്തിനായി പെരുവണ്ണാമൂഴിയിലേക്ക് പോയപ്പോള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മണിയൂരിലെ കുടുംബം. മണിയൂര്‍ സ്വദേശികളായ ജിനീഷും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.

മണിയൂരില്‍ നിന്നും കുടുംബസമേതം പെരുവണ്ണാമൂഴിയിലേക്ക് കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. പെരുവണ്ണാമൂഴി ടൗണിന് അടുത്തുള്ള താഴത്തുവയലില്‍ വെച്ച് ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോയില്‍ എത്തിയ അഞ്ചംഗ സംഘം കാറിന്റെ ഗ്ലാസ് തകര്‍ത്ത് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അക്രമം തടയാനെത്തിയ പരിസരത്തുണ്ടായിരുന്ന ഒരാള്‍ക്കും മര്‍ദനമേറ്റു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. അക്രമം നടത്തിയ ആളുകളെ പരാതിക്കാര്‍ക്ക് കണ്ടാല്‍ തിരിച്ചറിയാമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനു ശേഷം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.