തീ പിടിച്ച് തക്കാളി; കൊയിലാണ്ടി മാർക്കറ്റിൽ വില നൂറ് കടന്നു


കൊയിലാണ്ടി: തൊട്ടാല്‍ പൊള്ളുന്ന വിലയുമായി തക്കാളി. വില സെഞ്ച്വറിയടിച്ചതോടെ ഇനി തക്കാളി വാങ്ങണോ എന്ന സംശയത്തിലാണ് മലയാളികള്‍.

കൊയിലാണ്ടി മാര്‍ക്കറ്റില്‍ ശനിയാഴ്ച ഒരു കിലോഗ്രാം തക്കാളിക്ക് 100 രൂപയായിരുന്നു വില. എന്നാല്‍ ഇത് ചില്ലറ വില്‍പ്പനക്കാരിലെത്തുമ്പോള്‍ 110 രൂപയോ അതിന് മുകളിലോ ആണ് വില.

അയല്‍ ജില്ലകളില്‍ നിന്ന് തക്കാളി എത്താത്തതും ഉല്‍പ്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. സാധാരണക്കാര്‍ക്കൊപ്പം ഹോട്ടലുകാരെയും തക്കാളിയുടെ വിലവര്‍ധനവ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മഴ കാരണം തക്കാളി കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതും വിലക്കയറ്റത്തിന് കാരണമായി.

തക്കാളിക്ക് പുറമെ ബീന്‍സ്, പയര്‍ എന്നിവയ്ക്കും ഉയര്‍ന്ന വിലയാണ്. ബീന്‍സിന് കിലോഗ്രാമിന് 123 മുതല്‍ 130 വരെയും പയറിന് 90 രൂപയുമാണ് വില.