തുറന്ന കവചിത വാഹനത്തിൽ സഞ്ചരിച്ച് കടുവകളെ കാണാം; പെരുവണ്ണാമൂഴി ടൈഗർ സഫാരി പാർക്കിന്റെ മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറായി
പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്കിന്റെ മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറായി. പാർക്കിന്റെ അനുമതിക്കായി ദേശീയ മൃഗശാല അതോറിറ്റിക്ക് സമർപ്പിക്കേണ്ട മാസ്റ്റർ പ്ലാനിന്റെ കരട് വനംവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. വനം വന്യജീവി സംരക്ഷണ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം കരട് പരിശോധിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
കരടിന് സർക്കാർ അനുമതി നൽകുന്ന മുറയ്ക്ക് കേന്ദ്രമൃഗശാല അതോറിറ്റി സമർപ്പിക്കും. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയപാർക്കിൽ കടുവാസംരക്ഷണം മാർഗ്ഗരേഖകളും വനം സംരക്ഷണ നിയമങ്ങളും ലംഘിക്കപ്പെട്ടു എന്ന് കേസിൽ ടൈഗർ പാർക്കുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ പുതുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതുകൂടി പരിഗണിച്ചാവും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, വെള്ളത്തിന്‍റെ ലഭ്യത, പ്രദേശത്തെ ജനവാസം തുടങ്ങിയവയെല്ലാം വിശദമായി വിലയിരുത്തിയാണ് പെരുവണ്ണാമൂഴി മുതുകാട്ടിലെ സ്ഥലം സഫാരി പാര്‍ക്കിന് അനുയോജ്യമാണെന്ന് വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടൈഗർ സഫാരി പാർക്ക് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.
വലിയ മതില്‍ക്കെട്ടിനകത്ത് നിര്‍മിച്ചെടുക്കുന്ന സ്വാഭാവിക വനത്തില്‍ കടുവകളെ തുറന്നുവിട്ട് വളര്‍ത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സംരക്ഷണയില്‍ കഴിയുന്ന 11 കടുവളും മറ്റുള്ള എഴെണ്ണവും ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ 18 കടുവകളെയാണ് ഇവിടേക്ക് എത്തിക്കുക. സഞ്ചാരികള്‍ക്ക് തുറന്ന കവചിത വാഹനങ്ങളില്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ഇവയെ അടുത്ത് കാണാനാകും.
മുതുകാട്ടെ ഭൂമിയിൽ സർവ്വേ ഉൾപ്പെടെയുള്ള നടപടി പൂർത്തിയായി. തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടറായ കെ കെ സുനിൽകുമാറിനെ പാർക്കിന്റെ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയമിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് 200 കോടി രൂപയോളം ചെലവഴിച്ച് പാർക്ക് സ്ഥാപിക്കുക. ഇതിന് ദേശീയ മൃഗശാല അതോറിറ്റി. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഉൾപ്പെടെയുള്ളവരുടെ അനുമതി വേണം.
കര്‍ണാടകയിലെ ബന്നേര്‍ഘട്ടയിലാണ് ഇന്ത്യയിലെ ഏക ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇതിനേക്കാൾ കൂടുതൽ സൗകര്യത്തോടെയാകും മുതുക്കാട്ടിൽ പാർക്ക് നിർമ്മിക്കുക. പാർക്ക് വരുന്നതോടെ മലബാറില ടൂറിസത്തിന്റെ മുഖച്ഛായ മാറും.