ആനക്കുളം, പുളിയഞ്ചേരി ഭാഗങ്ങളിൽ മൂന്ന് വീടുകളിൽക്കൂടി ഇന്ന് പുലർച്ചെ മോഷണശ്രമം നടന്നു; ആശങ്കയോടെ പ്രദേശവാസികൾ
പുളിയഞ്ചേരി: ആനക്കുളം പുളിയഞ്ചേരി മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു വീടുകളില്‍ കൂടി
കളളന്‍ കയറി. പുതിയോട്ടില്‍ താഴെ സുനില്‍, അമ്പാത്തോട് കുനി സരസ, കുറൂളി അമ്പലത്തിന് സമീപമുളള മിഥുന്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് മോഷണ ശ്രമം നടന്നത്. ഇന്നലെ രണ്ട് വീടുകളില്‍ കളളന്‍ കയറിയിരുന്നു.
പുലര്‍ച്ചെ മൂന്നു മണിയോട് കൂടിയാണ് സുനിലിന്റെ വീട്ടില്‍ കള്ളന്‍ കയറുന്നത്. വീട് കുത്തിതുറന്ന് അകത്ത് കടക്കാന്‍ ശ്രമിക്കവെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടോടെ കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വാതില്‍ കുത്തിതുറന്ന് അകത്തു കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെ വാതിലിന് പുറക് വശത്തായി വീട്ടുകാര്‍ വെച്ചിരുന്ന സ്റ്റീല്‍ പാത്രം നിലത്ത് വീഴുകയും ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റ് ഇട്ടതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ചുമരില്‍ ചവിട്ടി കയറിയതിന്റെ പാടുകളും ഉണ്ട്.
രണ്ടര മണിയോട് കൂടിയാണ് സരസയുടെ വീട്ടില്‍ കള്ളന്‍ കയറുന്നത്. മുറിയില്‍ കയറിയ കള്ളനെ സരസയുടെ മകന്റെ ഭാര്യ കാണുകയും തുടര്‍ന്ന് ശബ്ദം ഉണ്ടാക്കിയതോടെ കള്ളന്‍ ഓടി മറയുകയുമായിരുന്നു. പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവായിരുന്നു വീടിനകത്ത് കയറിയത്.
പിന്നീടാണ് കുറൂളി അമ്പലത്തിന്റ സമീപത്തുള്ള മിഥുന്റെ വീട്ടില്‍ കള്ളന്‍ കയറുന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് ഈ വീട്ടില്‍ കള്ളന്‍ കയറുന്നത്. അടുക്കളയിലെയും അലമാരയിലെയും സാധനങ്ങള്‍ എല്ലാം കള്ളന്‍ വലിച്ചു വാരിയിട്ട നിലയിലാണ്. സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് വൈകിട്ടോടെ സമീപ വാസിയായ ഒരാള്‍ കള്ളന്‍ ചുമരില്‍ ചവിട്ടി കയറിയ അടയാളം കണ്ട് വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കള്ളന്‍ കയറിയത് മനസ്സിലാകുന്നത്.
ഇന്നലെ ആനക്കുളത്ത് റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലും കള്ളന്‍ കയറിയിരുന്നു. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല കള്ളന്‍ മോഷ്ടിച്ചിരുന്നു.
വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മാല മുറിച്ചെടുക്കുകയായിരുന്നു.
മാല എടുത്ത ഉടന്‍ തന്നെ വിജയലക്ഷ്മി ഉണരുകയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന മകനെ വിളിക്കുകയും ചെയ്തു. ഇതോടെ കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള മറ്റൊരു വീട്ടിലും കള്ളന്‍ മോഷണത്തിന് ശ്രമിച്ചിട്ടുണ്ട്. അട്ടവല്‍കുനി മനുവിന്റെ വീട്ടിലായിരുന്നു ഇത്. ഈ വീട്ടില്‍ നിന്ന് ചില പണിയായുധങ്ങളാണ് മോഷണം പോയത്.
തുടര്‍ച്ചയായി രണ്ട് ദിവസത്തിനിടെ അഞ്ച് മോഷണ ശ്രമങ്ങളാണ് പുളിയഞ്ചേരി മേഖലകളില്‍ സംഭവിക്കുന്നത്.
ഇതോടെ നാട്ടുകാരടക്കം കളളന്റെ ആക്രമത്തില്‍ ഭയചകിതരായിരിക്കുകയാണ്. പോലീസിലടക്കം പരാതി നല്‍കി ഡോട് സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങള്‍ മോഷണം നടന്ന സ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തിയിട്ടും കളളന്റെ തേരോട്ടം ഈ മേഖലകളില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. നൈറ്റ് പെട്രോളിങ് അടക്കം ഇവിടെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആനക്കുളത്ത് വീട്ടില്‍ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു
നിങ്ങളുടെ ബൈക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ? ആനക്കുളം കോവിലേരി താഴെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍