കുട്ടികളെ കാണാനില്ലെന്ന് പരാതി ലഭിച്ചത് രാത്രി പത്തരയ്ക്ക്, രണ്ട് മണിക്കൂറിനുള്ളില്‍ അച്ഛനേയും കുട്ടികളെയും മേലൂരിലെ വീട്ടിൽ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി; കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഇടപെടലില്‍ രക്ഷപ്പെട്ടത് മൂന്നുജീവനകള്‍
കൊയിലാണ്ടി: കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ പൊലീസുകാരുടെ കൃത്യമായ ഇടപെടല്‍ കാരണം കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ രക്ഷപ്പെട്ടത് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ മൂന്ന് ജീവനുകള്‍. മേലൂരിലെ ഒരു വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങളെയും അവരുടെ പിതാവിനെയും പൊലീസ് കൃത്യസമയത്തെത്തി ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.
അമ്മ അച്ഛനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതോടെ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളിൽ ഒരാളെ മേലൂരിലെയും മറ്റേയാളെ വടകരയിലെയും ബന്ധുവീടുകളിലായിരുന്നു നിര്‍ത്തിയിരുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെ കുഞ്ഞിനെ സംരക്ഷിച്ചുപോന്നിരുന്ന വടകരയിലെ ബന്ധു കുട്ടിയെ അവരുടെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയെന്നും അയാളുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയെന്നും പറഞ്ഞ് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മേലൂരിലെ ബന്ധുവിനെവിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയുള്ള കുട്ടിയേയും കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞതോടെ വടകര പൊലീസ് കുട്ടികളുടെ പിതാവ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായം തേടി.
അന്വേഷണത്തിൽ മൊബൈലിന്റെ ലൊക്കേഷന്‍ മേലൂരില്‍ ആണെന്ന് കണ്ടതോടെ കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 11.30ഓടെ കൊയിലാണ്ടി പൊലീസ് പെട്ടന്നുതന്നെ ഈ വീട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടുകുട്ടികള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയിലായിരുന്നു ഇവരുടെ അച്ഛന്‍. കുട്ടികളെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇവിടെ വയറുകഴുകാന്‍ സൗകര്യമില്ലെന്ന് അറിയിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രണ്ടുകുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്.
കുട്ടികളുടെ അച്ഛനെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കുട്ടികളുടെ അമ്മ അച്ഛനെതിരെ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് വിവരം.
കൊയിലാണ്ടി എ.എസ്.ഐ രമേശന്റെ നേതൃത്വത്തിലും വടകര സി.പി.ഒ ഗണേശനുമാണ് അന്വേഷണത്തിന് നേതൃത്വത്തിലും നല്‍കിയത്.