24 മണിക്കൂറിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; ഒരിടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നു


 

കൊയിലാണ്ടി: ചെറിയൊരു ഇടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മൂന്ന് മരണങ്ങളാണ് ഈ മേഖലയിലുണ്ടായത്.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന പന്തലായനി തൈക്കണ്ടി മോഹനന്‍ ഞായറാഴ്ച ഉച്ചയോടെ ട്രെയിന്‍ തട്ടി പരിക്കേല്‍ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. വീട്ടില്‍പോകുന്നവഴി മോഹനന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പിറ്റേന്ന് വൈകുന്നേരത്തോടെ ഇരിങ്ങല്‍ മുപ്പതു വയസുള്ള യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കയില്‍ കോളനി ഏറംവള്ളി അഗേഷ് അശോക് ആണ് മരിച്ചത്.

ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് തിരുവങ്ങൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരണപ്പെടുന്നത്. കാപ്പാട് നോര്‍ത്ത് വികാസില്‍ പാണലില്‍ താമസിക്കും മുണ്ടക്കല്‍ അബ്ദുറഹ്‌മാന്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. തിരുവങ്ങൂര്‍ ജുമാമസ്ജിദില്‍ നിന്ന് അസര്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകവെയായിരുന്നു അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞവര്‍ഷം തിക്കോടി മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള പതിനഞ്ച് കിലോമീറ്റര്‍ പരിധിയില്‍ തന്നെ ഇരുപതോളം പേരാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടത്. 2022 ജനുവരി മുതല്‍ ഡിസംബര്‍ 24 വരെ കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ അറ്റന്‍ഡ് ചെയ്ത കേസുകള്‍ മാത്രമാണ് ഇത്രയും. ആത്മഹത്യ ചെയ്ത കേസുകളും ഇതില്‍ ഉള്‍പ്പെടും.

സ്‌കൂള്‍ കുട്ടികളും പ്രായമായവരും അടക്കമുള്ള പൊതുജനങ്ങള്‍ അപകടകരമായ രീതിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ട് കൊയിലാണ്ടിയിലെ പല സ്ഥലങ്ങളിലും. പന്തലായനിയിലും നന്തിബസാറിലും അടിപ്പാത വേണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇന്നും അത് ആവശ്യമായി തന്നെ നിലനില്‍ക്കുകയാണ്.

ആളുകള്‍ ഏറെ ആശ്രയിക്കുന്ന ഇടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മ്മിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിലൂടെയും മാത്രമേ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ.