ചരിത്രത്തിന്റെ ഭാഗമായി തിക്കോടി പാലൂരിലെ പൂവെടിത്തറയും; ദേശീയപാത പ്രവൃത്തികള്‍ക്കായി തറ പൊളിച്ചു തുടങ്ങി
തിക്കോടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി പാലൂരിലെ പ്രശസ്തമായ പൂവെടിത്തറ പൊളിച്ചു തുടങ്ങി. കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്ര ഉത്സവ ചടങ്ങുകളുടെ ഭാഗമായി നിലകൊണ്ട പൂവെടിത്തറ പ്രദേശത്തെ ഭക്തജനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഇടമാണ്.
സമീപഭാഗത്തുണ്ടായിരുന്ന കെട്ടിടങ്ങളും സ്ഥലവുമെല്ലാം നേരത്തെ തന്നെ ഏറ്റെടുക്കുകയും ഇവിടെ ദേശീയപാതയുടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൂവെടിത്തറയുടെ ഉടമസ്ഥത സംബന്ധിച്ച ആശങ്കകളാണ് തറ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകിച്ചതെന്നാണ് കരുതുന്നത്. തറയുടെ ഉടമസ്ഥത ആര്‍ക്കെന്ന കാര്യത്തില്‍ വലിയ വ്യക്തതയില്ല. നഷ്ടപരിഹാരത്തുക ട്രഷറിയില്‍ അടച്ചശേഷമാണ് തറ പൊളിക്കല്‍ ആരംഭിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പാലൂരിലെ പ്രശസ്തയായിരുന്ന ചെല്ലട്ടം വീട് തറവാടുമായി ബന്ധപ്പെട്ടതാണ് പൂവെടിത്തറയുടെ ചരിത്രമെന്നാണ് പറയപ്പെടുന്നത്. നാലുകെട്ടും നടുമുറ്റവും പടിപ്പുരയും ഇടിപ്പുരയുമെല്ലാം തികഞ്ഞതായിരുന്നു ചെല്ലട്ടം വീട് തറവാട്. അക്കാലത്ത് ഇതുപോലുള്ള തറവാട് വീടെടുക്കണമെങ്കില്‍ സാമൂതിരി രാജാവിന്റെ പ്രത്യേക സമ്മതപത്രം ആവശ്യമാണ്. ജഡ്ക്ക വണ്ടിയില്‍ സാമൂതിരി രാജാവ് പരിവാരങ്ങളുമായി നേരിട്ട് വന്ന് അനുമതി നല്‍കുകയാണുണ്ടായതെന്നാണ് പറയപ്പെടുന്നത്.
വിശാലമായ കൊട്ടാരം പോലുള്ള വീടും തൊട്ട് മുമ്പില്‍ കുടുംബാവശ്യങ്ങള്‍ക്കായി കടലോളം ആഴമുള്ള അതി വിശാലമായ കുളവും നിര്‍മിച്ചു. തറവാട്ട് കാരണവരായ രാമര്‍ നായരുടെ ഓര്‍മ്മക്കായി രാമര്‍ കുളമെന്നാണ് ഈ കുളത്തിന്റെ പേര്. നീരാട്ട് കഴിഞ്ഞ് തൊട്ട് മുമ്പില്‍ ദേവിക്ക് ദര്‍ശനത്തിനിരിക്കാനുള്ള തറ. കുളത്തിന്റെ കരയില്‍ കൂറ്റന്‍ ചേറ് മരവും താന്നി മരവുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം. ചെല്ലട്ടം വീട് തറവാടും കുളവുമെല്ലാം നശിച്ചെങ്കിലും ചരിത്ര ശേഷിപ്പായി ബാക്കിയുണ്ടായിരുന്നത് പൂവെടിത്തറയും അതിന് അരികിലായുള്ള കിണറുമായിരുന്നു.
സമീപത്തെ കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ആലവട്ടങ്ങളുടെയും ആരവങ്ങളുടെയും അകമ്പടിയോടെ പാലൂര്‍ വിഷ്ണു ക്ഷേത്രത്തിലേക്കുള്ള നീരാട്ടെഴുന്നള്ളത്തിന്നിടയില്‍ ഈ പൂവെടിത്തറയിലിരുന്നാണ് ദേവി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നത്.