കൊയിലാണ്ടിയില്‍ നിന്നും പത്ത് മിനിറ്റുകൊണ്ടെത്താം തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസില്‍; അടുത്ത ഒഴിവുദിന സായാഹ്നം അറബിക്കടലിന്റെ കാറ്റും വെള്ളിയാങ്കല്ലിന്റെ മനോഹര കാഴ്ചയും ആസ്വദിക്കാനായി മാറ്റിവെച്ചാലോ


റബിക്കടലിന്റെ മനോഹാരിതയും ഒപ്പം വെള്ളിയാങ്കല്ലിന്റെ കാഴ്ചയും അതാണ് തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസിന്റെ ഹൈലൈറ്റ്. കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയില്‍ നന്തിബസാറില്‍ നിന്ന് അര കിലോമീറ്റര്‍ പടിഞ്ഞാറത്ത് ഭാഗത്ത് ഓടോക്കുന്നിലാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണിത്.

1909 ഒക്ടോബര്‍ 20നാണ് പ്രവര്‍ത്തനം തുടങ്ങിയത്. 114 അടി ഉയരമുള്ള ലൈറ്റ് ഹൗസ് സമുദ്രനിരപ്പില്‍ നിന്നും 160 അടി ഉയരത്തിലാണുള്ളത്. പൂര്‍ണമായും കരിങ്കല്ലിലാണ് നിര്‍മാണം. വെള്ളയും കറുപ്പുമാണ് നിറം.

ഒരു ഫ്‌ളാഷ് ലൈറ്റ് അഞ്ച് സെക്കന്റ് നീണ്ടുനില്‍ക്കുന്നതുകൊണ്ട് തന്നെ കടലിലുള്ളവര്‍ക്ക് 40 നോട്ടിക്കല്‍മൈല്‍ അകലെനിന്ന് പോലും ഈ പ്രദേശത്തെ തിരിച്ചറിയാന്‍ കഴിയും.

1907ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കടലൂരില്‍ ലൈറ്റ് ഹൗസിനായി ഓടോക്കുന്നില്‍ സ്ഥലം ഏറ്റെടുത്തത്. പ്രദേശത്തെ അഞ്ചുപേരില്‍ നിന്ന് 27 ഏക്കര്‍ സ്ഥലം ഏക്കറിന് 50 രൂപ വില നിശ്ചയിച്ച് അക്വയര്‍ ചെയ്യുകയായിരുന്നു. തിക്കോടിക്കടുത്തുളള വെള്ളിയാങ്കല്ലില്‍ അപകടാവസ്ഥയിലുള്ള പാറക്കൂട്ടങ്ങള്‍ കൂടുതലുള്ള സ്ഥലമാണ്. ഒരു കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നതുകൊണ്ടാണ് ലൈറ്റ് ഹൗസ് ഇവിടെ വരാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.

മുകുന്ദന്‍ നോവലുകളിലൂടെ പ്രശസ്തമായ വെള്ളിയാങ്കല്ല് അറബിക്കടലില്‍ കാണപ്പെടുന്ന കൂറ്റന്‍ പാറക്കെട്ടുകളാണ്. ഈ ലൈറ്റ്ഹൗസിന് 33.5 മീറ്റര്‍ ഉയരമുണ്ട്. സഞ്ചാരികള്‍ക്ക് ഇതിനുമുകളില്‍ കയറിനിന്ന് കടല്‍ക്കാഴ്ചകള്‍ കാണാം.

സഞ്ചാരികള്‍ക്കെന്നും പ്രിയങ്കരമായ വെള്ളിയാങ്കല്ലിന്റെ ദൃശ്യം ലൈറ്റ് ഹൗസില്‍ നിന്നും ഏറ്റവും അടുത്ത് കാണാനാവും. കൊച്ചിയിലെ ഡയറക്ടര്‍ ഓഫ് ലൈറ്റ് ഹൗസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാദിവസവും മൂന്നുമണിമുതല്‍ അഞ്ച് മണിവരെയാണ് ഇവിടെ പ്രവേശനം.