ഖത്തറിലെ ലോകകപ്പ് ഉത്സവത്തില്‍ നിന്ന് തിക്കോടിയിലെ നാടന്‍ ഉത്സവത്തിലേക്ക്; സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു
ഖത്തര്‍ ഉത്സവ ലഹരിയിലാണ്, ഖത്തറില്‍ ആഘോഷരാവ്, ഫുട്‌ബോള്‍ ഉത്സവം എന്നിങ്ങനെ തലക്കെട്ടുകള്‍ ഈ ദിവസങ്ങളില്‍ നിരവധി കണ്ടിട്ടുണ്ട്. നാട്ടിലിരുന്ന് ഖത്തറിലെ ഉത്സവത്തെക്കുറിച്ചും ഖത്തറിലിരുന്ന് തന്നെ കളി ആഘോഷത്തെക്കുറിച്ചും എഴുത്തുകളുടെ ബഹളമാണ്. എന്നാപ്പിന്നെ ഇതൊക്കെ വിട്ട് നാട്ടിലെ ഉത്സവത്തെക്കുറിച്ച് തന്നെ അങ്ങ് എഴുതാമെന്ന് കരുതി, നമ്മുടെ ഉത്സവങ്ങളിലേക്കും അത്രതന്നെ ദിവസങ്ങളല്ലേ ബാക്കിയുള്ളൂ…
ഒരു ചെറിയ പലചരക്ക് കട ആയിരുന്നു ബാപ്പാക്ക്. ആദ്യാക്ഷരങ്ങള്‍ ചൊല്ലിപ്പടിച്ച പാലൂര്‍ എല്‍.പി. സ്‌കൂളിന്റെ ഓരത്തായിരുന്നു ഈ കട. നിരപ്പലക കടയുടെ ഒരു ഭാഗത്ത് ക്രമത്തോടെ ഒതുക്കിവെച്ചിട്ടുണ്ടാവും. അതിനു ചാരെ ഒരു മരത്തടിയില്‍ തീര്‍ത്ത ഒരു ഇരിപ്പിടവും.
ഈ ഇരിപ്പിടത്തില്‍ ഇരിക്കാത്തവരായി അധികം ആരും ആ പ്രദേശത്തുണ്ടാവില്ല. പത്രം വായനയും അതിനെ മുന്‍ നിര്‍ത്തിയുള്ള വിശകലനങ്ങളും അവിടുത്തെ നിത്യകാഴ്ചയാണ്. രാഷ്ട്രീയ അവലോകനങ്ങള്‍ ചെറിയ തര്‍ക്കങ്ങളിലേക്ക് ചിലപ്പോള്‍ വഴിമാറും. കൂട്ടിനായി തൊട്ടടുത്ത കടയിലെ ഉസ്മാനിക്കാന്റെ അര ചായയും കൂട്ടിനുണ്ടാവും. കൂലിപ്പണിക്കാരും സ്‌കൂള്‍ അധ്യാപകരും അടങ്ങുന്ന ഒരുപിടി ആളുകളില്‍ നിന്നും ജീവിതാനുഭവം പഠിക്കാനുള്ള ഇരിപ്പിടമായിരുന്നു എനിക്ക് ഈ കട.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
മത സൗഹാര്‍ദ്ദവും സാഹോദര്യവും നിലനില്‍ക്കുന്നിടങ്ങളിലേ ആഘോഷങ്ങള്‍ പങ്കുവെക്കപ്പെടാറുള്ളു. അത് നഷ്ടപെടുന്ന കാലത്താണ് നാം ഇന്ന് എന്നത് ദുഃഖകരമായ യാഥാര്‍ഥ്യവും.
ക്ഷേത്രോത്സവങ്ങളുടെ നീണ്ട നിര നാടിന്റെ അടയാളമാവുന്ന മാസമാണ് ഡിസംബര്‍. പാലൂര്‍ പൂവെടിത്തറയും ഉത്സവ ചന്തയും പുതിയ കുളങ്ങര, ചിങ്ങപുരം സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന വര്‍ണാഭമായ വെടിക്കെട്ടും ആറാട്ടിന്റെ അടയാളമായ കാലം. ചന്തയിലെ ഹല്‍വാ കച്ചോടം മാപ്പിളമാര്‍ക്കുള്ളതാണ് എന്നാണ് പഴമൊഴി. ഉപ്പയുടെ പലചരക് കടയുടെ മുന്‍പില്‍ ഹല്‍വ ചന്ത ഈ നേരം തയ്യാറായിട്ടുണ്ടാവും. വര്‍ഷത്തിലെ വലിയ പര്‍ച്ചേസിംഗിനായി ഉപ്പ തിക്കോടിയില്‍ കോഴിക്കോട്ടേക്ക് ബസ് കയറുന്നത് ഒരു പക്ഷെ അലുവ കച്ചവടത്തിന് വേണ്ടിയായിരുന്നു.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
മക്കളായ ഞങ്ങള്‍ക്കും പണിയുണ്ട്. ഉത്സവത്തിന്റെ രണ്ടു നാള്‍ മുന്‍പ് ഉമ്മയുടെ തറവാട് വീട്ടില്‍ നിന്നും ഉമ്മാമയുടെ നേതൃത്വത്തില്‍ മെടഞ്ഞ ഓലയുടെ കെട്ടുകള്‍ കാല്‍നടയായി ഉപ്പയുടെ കടയിലെത്തിക്കണം. ശ്രമകരമായ ഈ ജോലി ഞങ്ങള്‍ ആസ്വദിച്ചേ ചെയ്യാറുള്ളു. ഉത്സവത്തിന്റെ രണ്ടു ദിനംമുമ്പേ പന്തല്‍ ഉയരും. ചന്തയുടെ സ്റ്റാളിനായി പുറത്തു നിന്നുള്ളവര്‍ സ്ഥാനം പിടിക്കാന്‍ ചെറിയ കരിക്കല്ലിന്റെ കഷ്ണം അടയാളമായി വെക്കുന്നതും ഓര്‍മയിലുണ്ട്.
കെ.പി.സി. എന്ന് പേരുള്ള വലിയ ലോറിയിലാണ് പലചരക്ക് സാധനം ഒട്ടുമിക്കതും കോഴിക്കോട് നിന്നും തിക്കോടിയില്‍ എത്തുന്നത്. പൊരി ചാക്കുമായി ഉത്സവ സമയങ്ങളില്‍ കടകള്‍ക്കു മുന്‍പില്‍ തലയെടുപ്പുള്ള ആ ലോറി വന്നു നില്‍ക്കും. പൊരി,ഹല്‍വ,ഈത്തപ്പഴം ഇത്യാദി വിഭവങ്ങളുടെ കലവറയുമായി പന്തലൊരുങ്ങുന്നതും ഓര്‍മയിലുണ്ട്.
പാലൂര്‍ ക്ഷേത്രത്തിലേക്കു സ്‌കൂളിന് സമീപത്തൂടെ പോകുന്ന ഒരു വരവ് ഉണ്ട്. അതോടെ ഉത്സവലഹരിയിലേക്ക്് ഗ്രാമം ഉണരും. ബലൂണും കളിപ്പാട്ടങ്ങളുമായി വഴിയോര കച്ചവടവും ആളുകളുടെ ബാഹുല്യം മൂലം തടസപ്പെടുന്ന ദേശീയ പാതയുടെ ചെറിയ തോതിലുള്ള ഗതാഗത കുരുക്കും ചന്തയുടെ ഒരു വശത്തു നിന്നും ഇടക്കിടെ ഉള്ള ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പുകളും ചേര്‍ന്ന് മറ്റൊരു അന്തരീക്ഷത്തിലേക് നാട് വഴി മാറും.
ചെണ്ട മേളവും വാദ്യോപകരണങ്ങളുടെ സാന്നിധ്യവും കൊണ്ട് പൂവെടിത്തറ സജീവമാകും. നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന വളകളുടെ വില്‍പ്പനാവകാശം ചെട്ടിച്ചികള്‍ക്കുള്ളതാണ്. മൂക്കു കുത്തിയ, മലയാളം അല്‍പം മാത്രം പറയാന്‍ കഴിയുമായിരുന്ന ഒട്ടനവധി ചെട്ടിച്ചിമാര്‍ ഉപജീവനത്തിന്റെ ഇര തേടി ഈ നാളുകളില്‍ ആ പ്രദേശങ്ങളിലെത്തും. പ്രായമായവര്‍ മുതല്‍ കുഞ്ഞു മക്കള്‍ വരെ വളകള്‍ കൈകളില്‍ അണിഞ്ഞു കൊടുക്കുന്ന ചെട്ടിച്ചിക്ക് മുന്‍പില്‍ അനുസരണയുള്ള കുട്ടികളാണ്.
ഇരുളും നേരം റെയില്‍വേക്ക് സമീപമുള്ള മൈതാനം ചട്ടി കളി എന്ന (അനുമതി ഇല്ലാത്ത കളി )മുതിര്‍ന്നവരുടെ ആകാംക്ഷയുടെ മറ്റൊരു ലോകമാണ്. മെഴുകുതിരി വെട്ടത്തിന്റെ നിഴലില്‍ വട്ടം ചുറ്റി ഇരിക്കുന്ന ആ കാഴ്ച ഉല്‍സവ ലഹരിയുടെ മറ്റൊരു തലമാണ്. നിരാശരുടെയും സന്തോഷവാന്മാരുടെയും സമിശ്ര ലോകം.
ബന്ധു വീടുകളില്‍ നിന്നും ആളുകള്‍ ഉത്സവം പ്രമാണിച്ചു തിക്കോടിയിലെ വീടുകളിലേക്ക് എത്താറുണ്ട്. ബാപ്പയുടെ അനുജന്‍ ഹുസൈന്‍ മാസ്റ്ററുടെ വീട്ടിലായിരുന്നു ഞങ്ങളുടെ കുടുംബ സംഗമം. ഗൃഹാതുരമായ ഒട്ടനവധി നിമിഷങ്ങള്‍ ഇനിയും പങ്കുവെക്കാനുണ്ട്. കരി മരുന്നിന്റെ വര്‍ണ വിസ്മയങ്ങള്‍ക് ശേഷം ആനകളുടെ അകമ്പടിയോടെ ചെണ്ടമേളവുമായി പാലൂര്‍ മഹാ വിഷ്ണു ക്ഷേതത്തിലേക്കുള്ള എഴുന്നളിപ്പ് ഉത്സവ ദിനത്തിന്റെ അവസാന അടയാളങ്ങളെ സൂചിപ്പിക്കും. നാട്ടു നന്മയുടെ നല്ല കാലംകൂടി ആയിരുന്നു ആ നാളുകള്‍ എന്നതാണ് യാഥാര്‍ഥ്യം.