”പഴയ കോണ്‍ഗ്രസുകാരാണിപ്പോള്‍ ബി.ജെ.പിയിലുള്ളത്, അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ല, കെ.മുരളീധരനും ബി.ജെ.പിയിലേക്ക് വരും” പത്മജ വേണുഗോപാല്‍
തൃശൂര്‍: കെ.മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍. പഴയ കോണ്‍ഗ്രസുകാരാണിപ്പോള്‍ ബി.ജെ.പിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്നും പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്ന ആളാണ് കെ.മുരളീധരന്‍. മുരളിയേട്ടന്‍ ദേഷ്യം വരുമ്പോള്‍ ചാടിത്തുള്ളി എന്തെങ്കിലും പറയുമെന്നേയുള്ളൂ. ഞാനത് കാര്യമാക്കാറില്ല. അച്ഛന്‍ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടുപോകുമായിരുന്നെന്നും അവര്‍ പറഞ്ഞു.
വടകരയില്‍ മത്സരിച്ചാല്‍ മുരളീധരന്‍ ജയിക്കുമായിരുന്നു. എന്തുകൊണ്ട് തൃശൂരില്‍ കൊണ്ടുനിര്‍ത്തിയെന്ന് മനസിലാകുന്നില്ലെന്നും പത്മജ പറഞ്ഞു. തൃശൂരില്‍ കാലുവാരാന്‍ ഒരുപാടു പേരുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തന്നെ തോല്‍പിച്ചതില്‍ ടി.എന്‍. പ്രതാപനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പങ്കുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ എം.പി.വിന്‍സെന്റ്, ടി.എന്‍ പ്രതാപന്‍ എന്നിവരാണ്. ഇവരേക്കാള്‍ വലിയ നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയേണ്ടിവരും. സുരേഷ് ഗോപിയല്ല തന്നെ തോല്‍പിച്ചത്. ഡി.സി.സി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു. വടകരയില്‍ നിന്നാല്‍ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരില്‍ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു.