” ഇതെന്ത് ഇരുട്ടാ ഇവിടെ” കൊയിലാണ്ടി മേല്‍പ്പാലമടക്കം പ്രധാനയിടങ്ങളിലൊന്നും ആവശ്യത്തിന് വെളിച്ചമില്ല; ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ടൗണിലൂടെ കടന്നുപോകുന്നത് ഭയത്തോടെ


കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പ്രധാന കേന്ദ്രങ്ങളിലടക്കം ആവശ്യത്തിന് തെരുവ് വിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു. സന്ധ്യ കഴിഞ്ഞാല്‍ കൊയിലാണ്ടിയിലെ മേല്‍പ്പാലത്തിലും സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്തും റെയില്‍വേ സ്റ്റേഷന്‍ റോഡിലുമെല്ലാം ഇരുട്ടിലൂടെ അപകടം ഭയന്ന് സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

കൊയിലാണ്ടി മേല്‍പ്പാലവും അതിന്റെ പരിസരപ്രദേശങ്ങളിലും രാത്രിയായാല്‍ ലഹരി ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടെയും കേന്ദ്രമാണ്. ഒഴിഞ്ഞ കെട്ടിടങ്ങളും പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും മാലിന്യക്കൂമ്പാരങ്ങളുമെല്ലാം ഇവിടെയുണ്ട്. ഇവിടങ്ങളില്‍ രാത്രി സമയത്ത് പരസ്യമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നവരടക്കം ഉണ്ടാകാറുണ്ട്. ജോലി കഴിഞ്ഞ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഒട്ടും സുരക്ഷിതത്വമില്ലാതെയാണ് പലപ്പോഴും ഇതുവഴി കടന്നുപോകേണ്ടിവരുന്നത്.

നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേ സ്‌റ്റേഷന്‍ റോഡിന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്. ബസ് സ്റ്റാന്റിന് മുമ്പില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്ന റോഡിന് സമീപത്താണ് കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലയും ബാറുമെല്ലാം. രാത്രി ട്രെയിന്‍ ഇറങ്ങിവരുന്ന യാത്രക്കാരും ട്രെയിന്‍ കയറാനായി പോകുന്നവരുമെല്ലാം ഇതുവഴി കാല്‍നടയായി പോകുന്നത് ഭയന്നാണ്. മറ്റിടങ്ങൡ കടകളിലുള്ള വെളിച്ചമുണ്ടെങ്കില്‍ ഈ ഭാഗത്ത് കടകള്‍ പൊതുവെ കുറവാണ്. റെയില്‍വേയുടെ സൈഡില്‍ റോഡിന്റെ ഒരു ഭാഗം കാട് പിടിച്ച നിലയിലുമാണ്. ഈ വഴി ഇരുട്ടില്‍ കടന്നുപോകുകയെന്നത് ഏറെ അപകടകരമാണ്.

പഴയ സ്റ്റാന്റിന് മുമ്പിലെ സര്‍ക്കിളില്‍ വലിയ ഹൈമാസ് ലൈറ്റുണ്ട്. എന്നാല്‍ വടകര ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകളും അന്തര്‍സംസ്ഥാന ബസുകളും ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ നിര്‍ത്താറുള്ള പെട്രോള്‍ പമ്പിന്റെയും മൃഗാശുപത്രിയുടെയും മുന്‍ഭാഗത്ത് വേണ്ടത്ര വെളിച്ചമെത്തുന്നില്ലെന്ന് ഇവിടെയുള്ള ഒാട്ടോക്കാര്‍ പറയുന്നു. ദീര്‍ഘദൂര ബസുകളില്‍ നിന്ന് കൊയിലാണ്ടിയില്‍ ഇറങ്ങുന്നവരടക്കം ഓട്ടോറിക്ഷകള്‍ക്കായി ആശ്രയിക്കുന്ന ഇടംകൂടിയാണിത്. ഇവിടെ രാത്രികാലങ്ങൡ തെരുവുനായ ശല്യവും രൂക്ഷമാണ്. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോകുന്നത്.

ടൗണിലും പരിസരത്തും ആവശ്യത്തിന് വെളിച്ചമില്ലാത്തത് കൊയിലാണ്ടിയില്‍ മോഷണങ്ങള്‍ പെരുകുന്നതിനുള്ള ഒരു കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ പൊലീസിന്റെ പട്രോളിങ് ശക്തമാക്കണമെന്നും ടൗണിന്റെ പരിസരപ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ കൂടുതലായി സ്ഥാപിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

അപകടങ്ങള്‍ സംഭവിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ? അതിനുമുന്നോടിയായി പ്രശ്‌നം പരിഹാരമുണ്ടാകണമെന്ന ആവശ്യമാണ് കൊയിലാണ്ടി ന്യൂസിന് അധികാരികള്‍ക്ക് മുമ്പാകെ വെയ്ക്കാനുളളത്.