പാലക്കുളത്ത് മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി; വീഡിയോ കാണാം


മൂടാടി: പാലക്കുളത്ത് മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കള്ളന്‍ കയറിയത്. വീടിന് പിറക് വശത്തെ വാതില്‍ പൊട്ടിച്ച് ഉള്ളില്‍ കയറിയ കള്ളന്‍, ഉറങ്ങിക്കിടക്കുയായിരുന്ന ഷാഹിനയുടെ കഴുത്തില്‍ നിന്നും മൂന്ന് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു.

സംഭവ സമയത്ത് ഷാഹിനയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ഉമര്‍ ഷെഫീല്‍ ഇന്നലെ കോഴിക്കോടുള്ള ഭാര്യ വീട്ടില്‍ പോയിരുന്നു. മാല പൊട്ടിച്ച ഉടനെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഷാഹിന ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു

അടുത്തിടെ കൊയിലാണ്ടിയില്‍ മോഷണം പതിവായിരിക്കുകയാണ്. നേരത്തെ ആനക്കുളത്തും സമാനമായ രീതിയില്‍ വീടിനുള്ളില്‍ കയറി വയോധികയുടെ മാല മോഷ്ടിച്ചിരുന്നു. സമീപത്തെ നിരവധി വീടുകളും മോഷണ ശ്രമം നടന്നിരുന്നു. ദിവസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും കള്ളനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കള്ളന്മാരുടെ ശല്യം രൂക്ഷമായതോടെ പ്രദേശത്തുകാര്‍ ഭീതിയിലാണ്.