മൂടാടിയില്‍ പട്ടാപ്പകല്‍ മോഷണം; കടയിലുണ്ടായിരുന്ന സ്ത്രീ ശുചിമുറിയിൽ പോയ തക്കത്തിന് യുവാവ് അകത്തുകയറി, പെട്ടിയില്‍ നിന്നും ഇരുപതിനായിരത്തോളം രൂപയുമായി ബൈക്കില്‍ മുങ്ങി


മൂടാടി: മൂടാടി ഓട്ടോ സ്റ്റാന്റിനു സമീപത്തെ കടയില്‍ പട്ടാപ്പകല്‍ മോഷണം. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50ഓടെയാണ് കള്ളന്‍ കടയിലേക്ക് കയറുകയും പണം മോഷ്ടിക്കുകയും ചെയ്തത്.

മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവുമൊക്കെ വില്‍ക്കുന്ന കടയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഏതാണ്ട് പതിനെട്ട് വയസ് തോന്നുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് പ്രശാന്തന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഭാര്യയായിരുന്നു ഈ സമയത്ത് കടയിലുണ്ടായിരുന്നത്. ഇവര്‍ ബാത്ത് റൂമില്‍ പോയ തക്കത്തിനാണ് മോഷണം നടന്നതെന്നും പ്രശാന്തന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കടയിലെ സി.സി.ടി.വിയില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.