‘ശരീരത്തിൽ സംശയാസ്പദമായ മുറിവുകൾ, മൂക്കിൽ നിന്ന് രക്തം’; ബാലുശ്ശേരി എകരൂലിൽ പതിനഞ്ചുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം


ബാലുശ്ശേരി: ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു.

സംശയാസ്പദമായി ചില മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും മരിച്ച അര്‍ച്ചനയുടെ ‘അമ്മ സചിത്ര പറയുന്നു. അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടില്‍ ആക്കിയിട്ടാണ് സചിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിലേയ്ക്ക് പോകാന്‍ ഇറങ്ങും മുമ്പ് പുസ്തകം എടുക്കാനായി അരക്കിലോമീറ്റര്‍ അപ്പുറമുള്ള സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു.

പണി നടക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ തീപിടിച്ചെന്നും, അണയ്ക്കാന്‍ ആളുകള്‍ കൂടിയപ്പോഴാണ് ഉള്ളില്‍ കുട്ടിയുണ്ടെന്നും അമ്മയടക്കമുള്ളവര്‍ അറിയുന്നത്. കുട്ടിയെ കണ്ടെത്തുമ്പോള്‍ കിടന്നുറങ്ങുന്ന രീതിയില്‍ ആയിരുന്നെന്നും മൂക്കില്‍ നിന്ന് രക്തം പൊടിഞ്ഞിരുന്നതായി ചിലര്‍ കണ്ടതായി പറഞ്ഞുവെന്നും ‘അമ്മ പറയുന്നു.

സന്തോഷത്തോടെ സ്കൂളില്‍ പോകാനിറങ്ങിയ കുട്ടിയായിരുന്നു. മറ്റുസങ്കടങ്ങളൊന്നും തങ്ങളോട് പറഞ്ഞിരുന്നില്ല. മരണത്തിലെ ദുരൂഹത ഒഴിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ദുരൂഹതകള്‍ നീങ്ങുവെന്ന് പോലീസ് പറയുന്നു.

എകരൂല്‍ നെല്ലുളിക്കോത്ത് പ്രസാദിന്റെയും സചിത്രയുടെയും മകളാണ് അര്‍ച്ചന. അര്‍ച്ചനയുടെ മാതാപിതാക്കള്‍ അകന്നു കഴിയുകയാണ്. മരിച്ച അര്‍ച്ചനയും ഇളയ സഹോദരങ്ങളും അമ്മയുടെ കൂടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച ഷെഡിലായിരുന്നു താമസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുന്ന അമ്മ സചിത്ര രാവിലെ ജോലിക്ക് പോയിരുന്നു. അച്ഛന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചാണ് അര്‍ച്ചനയും സഹോദരങ്ങളും സ്കൂളില്‍ പോകാറുള്ളത്. പതിവുപോലെ ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് അച്ഛന്‍റെ വീട്ടില്‍ നിന്ന് അര്‍ച്ചന പുറപ്പെട്ടത്. അമ്മയുടെ വീട്ടില്‍ മറന്നുപോയ പുസ്തകം എടുക്കാന്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു.

രാവിലെ 9 മണിയോടെ ഇവര്‍ താമസിക്കുന്ന ഷെഡ് ആളിക്കത്തുന്നതാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കാണുന്നത്. വെള്ളമൊഴിച്ച്‌’ തീക്കെടുത്തി അകത്ത് പ്രവേശിക്കുമ്ബോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പ സ്വാമിയുടെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി .ആര്‍. ഹരിദാസ്, ബാലുശ്ശേരി എസ്. എച്ച്‌.ഒ എം.കെ. സുരേഷ് കുമാര്‍, എസ് .ഐ എന്‍. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു നടന്നത്.