ബാലുശ്ശേരി കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ മോഷണം; രണ്ടു പേര്‍ പോലീസ് പിടിയില്‍, ഒരാള്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമണം നടത്തിയാള്‍


ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അവിടനല്ലൂര്‍ പൊന്നാമ്പത്ത് മീത്തല്‍ ബബിനേഷ് സി.എം(32), പൂനത്ത് നെല്ലിയുള്ളതില്‍ അരുണ്‍കുമാര്‍ എന്‍.എം (30) എന്നിവരാണ് പിടിയിലായത്. മോഷണം പതിവായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ എം.കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ്.ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്‌പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ബബിനേഷ്‌ നവംബർ മാസം 17ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കൂടാതെ പൂനത്തുള്ള വീട്ടിൽ നിന്നും 24000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌.

കപ്പുറം കുന്നോത്ത് ക്ഷേത്രത്തിലെ മോഷണത്തില്‍ ബബിനേഷിനൊപ്പം പങ്കാളിയായ അരുണ്‍ ലഹരി ഉപയോഗിക്കുന്നയാളും അതുമായി നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളുമാണ്‌. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മോഷണ കേസില്‍ ഇവരുടെ കൂട്ടാളികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ രാധാകൃഷ്ണൻ, എസ്.ഐ റഷീദ്, എസ്.ഐ രാജേഷ് പി, എസ്.സി. പി.ഒമാരായ സുരാജ്, രജീഷ്, രാജേഷ് സി.ടി എന്നിവരാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ മറ്റു ഉദ്യോഗസ്ഥര്‍.