ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കി മടങ്ങവെ മോഷ്ടാവും ബൈക്കും ഉടമയുടെ മുന്നില്‍പ്പെട്ടു, പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ജയിലിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെട്ട് കള്ളന്‍, ഒടുവില്‍ ബാര്‍ബര്‍ഷോപ്പില്‍വെച്ച് പിടിവീണു; പയ്യാനക്കല്‍ സ്വദേശിയായ മോഷ്ടാവ് പിടിയിലായതിങ്ങനെ
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷണം പോകുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചില ബൈക്കുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ബൈക്കുമായി മോഷ്ടാവ് ഉടമയുടെ കണ്‍മുന്നില്‍ തന്നെ ചെന്നുപെട്ടാലോ. ഇത്തരമൊരു അവസ്ഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്.
കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്കായിരുന്നു മോഷണം പോയത്. കോട്ടൂളിയില്‍വെച്ച് ബൈക്ക് നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാന്‍ പ്രവീണ്‍ ഉടനടി മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലെത്തി. പരാതി സ്വീകരിച്ചതിന് പിന്നാലെ വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് രേഖകള്‍ എടുക്കാനായി കടലുണ്ടിയിലെ വീട്ടിലേക്ക് തിരിച്ചതായിരുന്നു പ്രവീണ്‍. സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. ഇടയ്ക്ക് ഇന്ധനം നിറക്കുന്നതിനായി തിരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ കയറി. കാറില്‍ എണ്ണയടിക്കാനായി പമ്പില്‍ നില്‍ക്കവെ പിറകില്‍ നിന്ന് അതിവേഗം വന്ന ഒരു ബൈക്ക് പെട്രോള്‍ അടിക്കാനായികാറിന് മുന്നില്‍ കയറി. തന്റെ ബൈക്കിന്റെ അതേ മോഡല്‍ കണ്ടപ്പോഴാണ് പ്രവീണ്‍ ഒന്നുകൂടി നോക്കിയത്. മോഷ്ടിക്കപ്പെട്ട തന്റെ വണ്ടിതന്നെയാണിതെന്ന് മനസിലായതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്ക് തടഞ്ഞുവെച്ചു. രണ്ട് യുവാക്കളായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്രതീക്ഷിതമായി മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ എത്തിയത് ഉടമയുടെ മുന്നിലായിരുന്നു. പൊലീസില്‍ പരാതി നല്‍കി മടങ്ങുകയായിരുന്ന ഉടമയ്ക്ക് അങ്ങനെ നഷ്ടപ്പെട്ട ബൈക്ക് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. കോഴിക്കോട് തിരുവണ്ണൂരില്‍ നടന്ന നാടകീയ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്ക് കോഴിക്കോട് നഗരത്തിലെ കോട്ടുളിയില്‍ വെച്ച് മോഷണം പോയത്. ബൈക്ക് വെച്ച സ്ഥലത്തെത്തിയപ്പോഴാണ് പ്രവീണ്‍ വാഹനം മോഷണം പോയ വിവരം അറിഞ്ഞത്. ഇതോടെ ഞായറാഴ്ച രാവിലെ തന്നെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തി. പരാതി സ്വീകരിച്ചതിന് പിന്നാലെ വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ പമ്പിലെത്തിയ മറ്റൊരു യുവാവ്, രക്ഷപ്പെട്ട ഹെല്‍മെറ്റുധാരി പയ്യാനക്കല്‍ സ്വദേശി മുഹമ്മദ് റിയാസാണെന്ന് വ്യക്തമാക്കി അയാളുടെ പൂര്‍ണവിവരം പൊലീസിനോടു പറഞ്ഞു. സംശയംതോന്നി പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പയ്യാനക്കല്‍ സ്വദേശിയായ ആ വാഹനമോഷ്ടാവില്‍നിന്ന് മുമ്ബ് ബൈക്ക് വാങ്ങിയിട്ടുണ്ടെന്ന് യുവാവ് സമ്മതിച്ചു. ഒടുവില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെയും സ്റ്റേഷനിലേക്ക് പൊലീസ് കൊണ്ടുപോയി. പിടിയിലായ പ്രതികളിലൊരാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമം കോടതി റിമാന്‍ഡ് ചെയ്ത ഈ പ്രതി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു. ഇതിനിടെ പൊലീസുകാരനെ കബളിപ്പിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ മാറാട് ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.