”അധ്യാപികയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതും”; കാവുംവട്ടം എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ മാനേജ്‌മെന്റ്
കൊയിലാണ്ടി: കാവുംവട്ടം എം.യു.പി സ്‌കൂളിലെ അധ്യാപിക പ്രധാനാധ്യാപകന്‍ മനോജിനെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത്. അധ്യാപികയുടെ ആരോപണങ്ങളില്‍ മാനേജ്‌മെന്റ് അന്വേഷണം നടത്തുകയും ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതും ആണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.
മാനേജ്‌മെന്റിന്റെ വിശദീകരണം:
”ഈ അധ്യാപികയുടെ അച്ചടക്ക ലംഘനത്തിനെതിരെയും അപക്വമായ പെരുമാറ്റങ്ങള്‍ക്കെതിരെയും സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകര്‍ രേഖാമൂലവും അല്ലാതെയും പരാതികള്‍ അറിയിച്ചിരുന്നു. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മാനേജ്‌മെന്റ് അവരെ സമീപിക്കുകയും തുടര്‍ന്ന് അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ കത്തിന് മറുപടിയോ മറ്റൊരു തരത്തിലുമുള്ള പ്രതികരണങ്ങളോ അധ്യാപികയുടെയോ കുടുംബത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കുറച്ചുകാലങ്ങളായി ഈ അധ്യാപിക സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പാഠ്യ പാഠ്യേതര മേഖലകളിലും പ്രധാന അധ്യാപകന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും നിസ്സഹകരിക്കുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്.
ഈ അധ്യാപികക്കെതിരെ നിലവില്‍ രക്ഷിതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും പി.ടി.എയുടെയും പരാതി മാനേജ്‌മെന്റിന് ലഭിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെയും നിഷേധാത്മക നിലപാടാണ് ഈ അധ്യാപിക സ്വീകരിച്ചിരുന്നത് ഇത്രയധികമായിട്ടും അധ്യാപികയുമായി മാനേജ്‌മെന്റ് നിരന്തരം ബന്ധപ്പെടുകയും ചര്‍ച്ചക്ക് തയ്യാറായതുമാണ്.
ഡിപ്പാര്‍ട്ട്‌മെന്റ് തലങ്ങളിലോ മാനേജ്‌മെന്റിനോ പരാതികള്‍ നല്‍കുന്നതിന് പകരം പോലീസ് സ്റ്റേഷനിലും പത്ര മാധ്യമ സ്ഥാപനങ്ങളിലും വക്കീല്‍ ഓഫീസുകളിലും കയറിയിറങ്ങി സ്‌കൂളിനെയും പ്രധാന അധ്യാപകനെയും സഹ അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരാതികളും വാര്‍ത്തകളും നല്‍കി തന്റെ വീഴ്ചകളെയും നിസ്സഹകരണ നിലപാടുകളെയും മറച്ചുവെക്കാനാണ് ഈ അധ്യാപിക ശ്രമിച്ചിട്ടുള്ളത്.
വര്‍ഷങ്ങളോളം ഈ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്ത ഒരാളുടെ മകളെന്ന നിലക്ക് പിതാവിനെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹവും നിസ്സഹകരിക്കുന്ന നിലപാടുമായി മുന്നോട്ടു പോയതാണ്. ഇത് സ്‌കൂളിനോടും സ്ഥാപന മേധാവിയോടും പി.ടി.എ യോടും മാനേജ്‌മെന്റിനോടുമുള്ള വെല്ലുവിളിയായിട്ടാണ് കരുതുന്നത്.
ആയതിനാല്‍ രക്ഷിതാക്കളുടെ ആവശ്യപ്രകാരം പി.ടി.എ യും മാനേജ്‌മെന്റും നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ദുരുദ്ദേശപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ അധ്യാപിക വാര്‍ത്തകള്‍ നല്‍കുന്നതും ആരോപണങ്ങള്‍ ഉന്നയിക്കുന്നതും എന്ന് മാനേജ്‌മെന്റ് സംശയിക്കുന്നു.”
സ്‌കൂളില്‍ നടന്ന കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്നതിനെ തുടര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രധാനാധ്യാപകനെതിരെ അധ്യാപിക പരാതി നല്‍കിയത്.
സ്‌കൂളില്‍ വരാത്ത കുട്ടികളെ ഉച്ചക്കഞ്ഞി രജിസ്റ്ററില്‍ ചേര്‍ക്കുന്നത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്നാണ് അധ്യാപിക പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്നും ശുചിമുറി ഉപയോഗിക്കരുതെന്നും തന്നോട് പറഞ്ഞതായും പരാതിയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് അധ്യാപിക പരാതിയുമായി പൊലീസിനെ സമീപിച്ചത്.