കൊയിലാണ്ടിയില്‍ മുഖ്യമന്ത്രിയെത്തുന്നു, യെച്ചൂരിയുടെ പ്രസംഗം, ഡി.കെ ശിവകുമാറിന്റെ പ്രചാരണം, വടകര പിടിക്കാന്‍ ഇരുമുന്നണികളും ശക്തമായി രംഗത്ത്; തെരഞ്ഞെടുപ്പ് പോര് മുറുകുന്നു


Advertisement

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് അടക്കുമ്പോള്‍ വടകരയില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡല പര്യടന പരിപാടിയുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്. ഇനി സംസ്ഥാന, ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ കൊണ്ടുവന്ന് പ്രചരണം ശക്തമാക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം.

മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയും യെച്ചൂരിയുടെ പ്രചാരണവും:

വടകരയില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതും പ്രചരണം തുടങ്ങിയതും എല്‍.ഡി.എഫ് ആണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ദിവസം തന്നെ കെ.കെ.ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ആദ്യഘട്ടത്തില്‍ മൂന്നുതവണ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി, പ്രമുഖരെ വീടുകളില്‍ ചെന്നുകൊണ്ടു, കുടുംബ യോഗങ്ങള്‍ നടത്തി. പിന്നീട് മണ്ഡല പര്യടനങ്ങളിലേക്ക് കടന്നു. മണ്ഡല പര്യടനം രണ്ടാംഘട്ടവും പൂര്‍ത്തിയായി. മൂന്നാംഘട്ടം ഏപ്രില്‍ 15ന് തുടങ്ങി 21ന് അവസാനിക്കും.

Advertisement

ഏപ്രില്‍ 20ന് കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലുമണിക്ക് പിണറായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സംസാരിക്കും. അന്നേദിവസം രാവിലെ മുഖ്യമന്ത്രി പുറമേരിയിലും പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.

എ.കെ.ശശീന്ദ്രന്‍, എം.എ ബേബി തുടങ്ങിയവരും കെ.കെ.ശൈലജ ടീച്ചര്‍ക്കായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണത്തിനെത്തും. ഏപ്രില്‍ 17ന് സീതാറാം യെച്ചൂരി മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. പ്രകാശ് കാരാട്ടും വടകരയില്‍ പ്രചരണത്തിനെത്തും.

ഷാഫി പറമ്പിലിനായി ഡി.കെ.ശിവകുമാര്‍ വരുന്നു:

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതിനാല്‍ വടകരയില്‍ അല്പം വൈകി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ആളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അപ്രതീക്ഷിതമായി വടകരയിലേക്ക് മത്സരിക്കാനെത്തിയ ഷാഫി പ്രചരണം തുടങ്ങാന്‍ അല്പം വൈകിയെങ്കിലും ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ പ്രചരണ രംഗത്ത് ശക്തമായ സാന്നിധ്യമായി. വടകരയിലെത്തിയ ആദ്യദിവസം തന്നെ ജനപിന്തുണകൊണ്ട് ഏവരേയും അമ്പരപ്പിച്ചു. തുടര്‍ന്ന് റോഡ് ഷോയിലൂടെയും പൊതുയോഗങ്ങളിലൂടെയും വടകരയുടെ വോട്ടുറപ്പിക്കാന്‍ സജീവമായി.

Advertisement

ഇനി വരുംദിവസങ്ങളില്‍ ഷാഫിയ്ക്കായി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തുമെന്നാണ് അറിയുന്നത്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍ ഏപ്രില്‍ 16ന് നാദാപുരത്ത് പ്രസംഗിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയ നേതാക്കളും പ്രചരണ പരിപാടിക്കെത്തും. പ്രിയങ്ക ഗാന്ധിയും എത്തുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ആവേശം കുറയാതെ എന്‍.ഡി.എയും

വടകരയില്‍ ത്രികോണ മത്സരമില്ലെങ്കിലും പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുളള തിരക്കിലാണ് എന്‍.ഡി.എയും. എന്‍.ഡി.എയ്ക്കുവേണ്ടി പ്രചരണത്തിനായി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഏപ്രില്‍ 18ന് വടകരയിലെത്തും. അല്‍ഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍, തുടങ്ങിയ നേതാക്കളും വടകരയില്‍ പ്രചാരണത്തിനെത്തും.