ദേശീയപാതയ്ക്കായി വിട്ടുകൊടുത്തത് വീടിന്റെ വരാന്തയുള്‍പ്പെടെയുള്ള സ്ഥലം; കൊയിലാണ്ടി കോമത്തുകരയില്‍ അപകടാവസ്ഥയിലായി രണ്ടുവീടുകള്‍


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണത്തിനായി മണ്ണെടുത്ത് മാറ്റിയതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. കിഴക്കെ പുത്തന്‍പുരയില്‍ സുരേന്ദ്രന്‍, കിഴക്കെ പുത്തന്‍പുരയില്‍ പത്മിനി എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ഈ രണ്ടുവീടുകളുടെയും വരാന്തവരെ പൊളിച്ചുനീക്കിയാണ് റോഡ് നിര്‍മ്മിക്കുന്നത്.

റോഡ് നിര്‍മ്മിക്കുമ്പോള്‍ ഏകദേശം പത്തുമീറ്ററിലധികം താഴ്ച ഈ ഭാഗത്ത് ഉണ്ടാകുമെന്നാണ് അറിയുന്നത്. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തിന്റെ അരികുകള്‍ കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് വിണ്ടുനില്‍ക്കുകയാണ്. ഇവിടെ മണ്ണിടിഞ്ഞാല്‍ വീട് പൂര്‍ണമായും നിലംപൊത്തുമോയെന്ന ആശങ്ക ഇവര്‍ക്കുണ്ട്.

ആകെയുണ്ടായിരുന്ന അഞ്ചേമുക്കാല്‍ സെന്റില്‍ വീടിന്റെ വരാന്തയടക്കം രണ്ടര സെന്റ് സ്ഥലം ബൈപ്പാസ് നിര്‍മ്മാണത്തിനായി സുരേന്ദ്രന് വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. പൊളിക്കാതെ കിടക്കുന്ന ബാക്കിഭാഗത്താണ് സുരേന്ദ്രനും കുടുംബവും താമസിക്കുന്നത്. പത്മിനിയുടെ വീടും അപകടാവസ്ഥയിലാണ്.

ഇരുവീടുകളും സ്ഥലവും സംരക്ഷിക്കാന്‍ അടിയന്തരമായി ഈ ഭാഗത്ത് കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി പണിയണമെന്നാണ് ഇവരുടെ ആവശ്യം. ഭിത്തി നിര്‍മിക്കാനാവശ്യമായ സാധനസാമഗ്രികള്‍ ഒരുക്കി വെച്ചതിനുശേഷം മാത്രമേ ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാവൂവെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.