ചെരുപ്പിന്റെ തുക ഗൂഗിള്‍ പേ വഴി അയച്ചു, ലഭിച്ചില്ലെന്ന് കടയിലുള്ളവര്‍; കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ച് ബാലുശ്ശേരി സ്വദേശിനി, കടയുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി


കോഴിക്കോട്: ചെരുപ്പ് വാങ്ങുന്നതിനായി കടയുടമയക്ക് ഗൂഗിള്‍ പേ വഴി അയച്ച പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ചെരുപ്പു നല്‍കാത്തതിനെതിരെ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി. ബാലുശ്ശേരി കാക്കൂര്‍ സ്വദേശിനി ഫെബിനയ്ക്കാണ് കോടയില്‍ നിന്നും അനുകൂല വിധി ലഭിച്ചത്. ചെരുപ്പിനായി ഗൂഗിള്‍ പേ വഴി അയച്ച പണവും, മാനസിക സംഘര്‍ഷത്തിന് 5000 രൂപ അല്ലാതെയും നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്.

കോഴിക്കോടുള്ള ചെരിപ്പു കടയിലാണ് ഫെബിന പോയത്. ചെരിപ്പ് എടുത്ത ശേഷം തുക ?ഗൂ?ഗിള്‍ പേ വഴി അയച്ചു. പക്ഷേ പണം ക്രഡിറ്റായില്ലെന്ന് പറഞ്ഞ് കടയിലുള്ളവര്‍ ഫെബിനയ്ക്ക് ചെരിപ്പ് നല്‍കിയില്ല. തുടര്‍ന്ന് പണം കേറിയാല്‍ അറിയിച്ചാല്‍ മതിയെന്ന് കടയിലുള്ളവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബിന വീട്ടിലേക്ക് മടങ്ങി. ഒരു മാസത്തോളം പണം അക്കൗണ്ടില്‍ കയറിയോ എന്നറിയാന്‍ കാത്തിരുന്നു, ഒടുവില്‍ അന്നേദിവസം തന്നെ അവരുടെ അക്കൗണ്ടില്‍ പണം ക്രഡിറ്റായെന്നെ വിവരം ബാങ്കില്‍ നിന്നും ലഭിച്ചു.

ഈ വിവരം കടയിലുള്ളവരുമായി പങ്കുവെച്ചപ്പോള്‍ പണം ലഭിച്ചില്ലെന്ന മറുപടിയാണ് അവര്‍ ആവര്‍ത്തിച്ചത്. അതിനിടയില്‍ മാനേജര്‍ ചോദിച്ച ചോദ്യമാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാന്‍ ഫെബിനയ്ക്ക് പ്രേരണയായത്. ഒരു ആയിരം രൂപയല്ലേ, അത് പോയാലെന്താ എന്നായിരുന്നു മാനേജറുടെ ചോദ്യം. തുടര്‍ന്ന് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.