കലാമാമാങ്കത്തിനൊരുങ്ങി കൊയിലാണ്ടി; ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് നാളെ തിരിതെളിയും
ആസ്ത ജുക്ത ആർ.എസ്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് നാളെ തിരിതെളിയും. നവംബർ 14 മുതൽ 17 വരെ നാലു ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിനാണ് കൊയിലാണ്ടി ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. രണ്ട് വർഷത്തെ അടച്ചിടലുകൾക്ക് ശേഷം കലാമേളകൾ പുനരാരംഭിക്കുന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തിലാണ്.
കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളാണ് ഉപജില്ലാ കലാമേളയ്ക്ക് ആഥിതേയത്വം വഹിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലകളിൽ ഒന്നായ കൊയിലാണ്ടിയിൽ 78 സ്കൂളുകളിൽ നിന്നായി അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. ആകെ 12 സ്റ്റേജുകളിലായാണ് മത്സരം നടക്കുന്നത്.
നവംബർ 14 ന് സ്റ്റേജിതര മത്സരവും 15, 16, 17 തിയതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ ആവർത്തിക്കപ്പെടുമോ എന്ന ഉദ്വോഗഭരിതമായ ചോദ്യത്തിനാണ് ഇനിയുള്ള നാലു നാളുകൾ കൊയിലാണ്ടി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏറ്റവും ഒടുവിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് തിരുവങ്ങൂർ എച്ച്.എസ്.എസാണ് നേടിയത്. ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള വിജയകിരിടം ഗവ: മാപ്പിള എച്ച്.എസ്.എസും കരസ്ഥമാക്കി. കലാ വൈവിധ്യങ്ങൾ കൊണ്ടും വേറിട്ട ആവിഷ്കരണ രീതികൾ കൊണ്ടും 78 സ്കുളുകളും നാളെ പടപ്പുറപ്പാടിന് ഇറങ്ങുകയാണ്. വിജയ കീരീടത്തിൽ ഇത്തവണ ആരാകും മുത്തമിടുക എന്ന് വരും ദിവങ്ങളിലറിയാം.
മേളയുടെ ഉദ്ഘാടനം നവംബർ 15-ന് വൈകീട്ട് നാലിന് കാനത്തിൽ ജമീല എം.എൽ.എ. നിർവഹിക്കും. 17-ന് വൈകീട്ട് സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനംചെയ്യും.
മാനവികതയുടെയും ജനകീയ സംഘാടനത്തിന്റെ അരങ്ങ് കൂടിയാണ് ഒരോ കലോത്സവ വേദികളും. ആവേശ തിമിർപ്പോടെ നാളെയുടെ കുരുന്നു പ്രതിഭകളെ കാത്തിരിക്കുകയാണ് കലയുടെ ഈ മണ്ണ്.
(കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും മീഡിയ ക്ലബ് അംഗവുമാണ് ലേഖിക)
Summary: The Koyilandy sub district School Art Festivel will begin tomorrow