‘കൽക്കത്ത ചാന്ദിനി ചൗക്കിലെ ജനതാ ടീ ഷോപ്പും കുറേ മനുഷ്യരും’; ബംഗാൾ ഡയറി 2022- നിജീഷ്.എം.ടി എഴുതുന്നു


ബംഗാൾ ഡയറി 2022

ജനതാ റസ്റ്റോറൻ്റ്
ലെനിൻ സരണി,
ചാന്ദ്നി ചൗക്ക്. പി.ഒ
കൽക്കത്ത.

കാലങ്ങളായി നാളിതുവരെ പരിമിതമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ മാത്രം സംതൃപ്തരായിരുന്ന മനുഷ്യർ പരിമിതമാണെങ്കിലും അവർക്ക് കരഗതമായ വിദ്യാഭ്യാസത്തിൻ്റെ, അറിവിൻ്റെ വെളിച്ചത്തിൽ പലനാടുകളിലേക്ക്, ദേശങ്ങളിലേക്ക്, ഭാഷകളിലേക്ക്, സംസ്ക്കാരങ്ങളിലേക്ക് ജീവിതം തേടി യാത്രയാരംഭിച്ചു.

തീവണ്ടിയും, മോട്ടോര്‍ വാഹനങ്ങളും, വിമാനങ്ങളും നിലവില്‍ വരുന്നതിനു മുമ്പ് കാളവണ്ടിയിലും, കാൽനടയായും വഴിയമ്പലങ്ങളിൽ തങ്ങിയും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കു ശേഷമേ മറ്റൊരു ദേശത്ത്, മറ്റൊരു നാട്ടിൽ എത്തിച്ചേരാന്‍ സാധ്യമായിരുന്നുള്ളു.

1862ൽത്തന്നെ ബ്രിട്ടീഷ് ഭരണം മലബാർ ജില്ലയിലേക്ക് മദ്രാസില്‍ നിന്നും കടലുണ്ടിവരെ തീവണ്ടി ഗതാഗതം ആരംഭിക്കുകയും, 1907ൽ അത് മംഗലാപുരം വരെ വ്യാപിപ്പിക്കാനും അവർക്ക് കഴിഞ്ഞു. വടക്കൻ കേരളത്തിൽ നിന്നും മദ്രാസിലേക്കും, മംഗാലപുരം വഴി ബോംബെയിലേക്കും തൊഴിൽ തേടിയോ, അല്ലാതെയോ അവർ ജീവിത മോഹം പേറി പെരുവഴി താണ്ടിയിട്ടുണ്ടാവാം.

1902-ല്‍ ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള തീവണ്ടി ഗതാഗതം സംസ്ഥാപിതമായി. കൂടാതെ 1905-ല്‍ മധുരയില്‍നിന്നും കൊല്ലത്തേയ്ക്കും തുടര്‍ന്ന് 1918-ല്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്കും തീവണ്ടിപ്പാത തുറന്നു. തല്‍ഫലമായി തിരുവനന്തപുരത്തുനിന്നും മദ്രാസ് വരെ എത്തിച്ചേരാന്‍ ഏകദേശം 2 – 4 ദിവസം വേണ്ടിയിരുന്ന യാത്രാസമയം വെറും ഒരു ദിവസമായി കുറക്കാനും സാധിച്ചു.

ആക്സികതയുടെ ആകെത്തുകയായ ജീവിതത്തിനിടയിൽ അനുഗ്രഹം പോലെ നാസർ ബന്ധുവിൻ്റെ Zero ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ബംഗാൾ യാത്ര 2022’പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ, കൽക്കത്താ നഗരക്കാഴ്ചകളിൽ കണ്ണും,കാതും, മനസ്സും മാറവെ സഹയാത്രികൻ ഹർഷലിക്കയാണ് കൽക്കത്തയിലെ ചാന്ദിനി ചൗക്കിലെ ജനത ടീ ഷോപ്പിലേക്ക് എന്നെയും എത്തിച്ചത്.

വലിയഉപ്പയും, ഉപ്പയും, ഉപ്പയുടെ അമ്മാവനും ജീവിത മാർഗ്ഗം നൽകിയ കൽക്കത്തയിലേക്ക് തൻ്റെ പതിനാലാം വയസ്സിലാണ് ശ്രീ.മുഹമ്മദ് ഷാഫി കാസർഗോഡ് ഉദുമയിൽനിന്നും കൽക്കത്തയിലെത്തിയത്. ഇന്ന് അദ്ദേഹമാണ് ജനതാ ടീ ഷോപ്പിൻ്റെ ഉടമസ്ഥൻ. ലെനിൻസരണിയിലെ ചാന്ദ്നി ചൗക്കിൽ ഞങ്ങൾ താമസിച്ച് സെൻട്രൽ ഗസ്റ്റ് ഹൗസിൻ്റെ എതിർ ഭാഗത്തെ ജനത ടീ സ്റ്റാളിലേക്ക് ഞങ്ങളെത്തു ബോൾ എരിഞ്ഞ് കത്തിക്കൊണ്ടിരിക്കുന്ന കൽക്കരി അടുപ്പിന് മുന്നിൽ കർമ്മനിരതരായി സഹീബ് (സിലിഗുരി ജില്ല)നെയാണ് കണ്ടത് ഒപ്പം നിസാമുദ്ധീനും, കാസ്സിമും, മുഹമ്മദ് നയീസ്സുമുണ്ട്.

സുബ്ഹി നമസ്കാരത്തിന് ശേഷം മുഹമ്മദ് ഷാഫിക്ക എത്തിയത് ആവി പറക്കുന്ന ചായക്കൊപ്പം ഗതകാല സ്മരണകളുടെ മഴപ്പെയ്ത്തുമായാണ്. അതിരാവിലെ മുതൽ പ്രവർത്തനമാരംഭിക്കുന്ന ജനതാ ടീ ഷോപ്പ് രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന ഇന്നലെകൾ അദ്ദേഹം ഓർമ്മിച്ചെടുത്തു പറഞ്ഞത് കേൾക്കവെ അദ്ദേഹത്തിൻ്റെ യൗവനം ആ ചെറിയ മുറിക്കുള്ളിൽ തന്നെയായിരുന്നുവെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. വർഷത്തിലൊരിക്കൽ സ്വദേശത്തേക്ക്, നാട്ടിലേക്കുള്ള മടക്കയാത്രയും, ആഴ്ചകൾ മാത്രമുള്ള സ്വദേശവാസവും. കണ്ണൂർ എയര്‍പോര്‍ട്ട്‌ വന്നതോടെ എപ്പോഴും പോകാനും, വരാനുമുളള സൗകര്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനതാ ടീ ഷോപ്പ് ഇന്ന് ഇരുപതോളം മനുഷ്യരുടെ തൊഴിലിടമായി വളർന്നിരിക്കുന്നു. ബംഗാളിലെ കേരള മുസ്ലീം അസോസിയേഷൻ്റെ രൂപീകരണത്തിനായി മഖാൻ സാഹിബിനൊപ്പം പ്രവർത്തിച്ച മുൻഷി സാഹിബ് ഷാഫിക്കായുടെ അമ്മാവനാണ്. അമ്മാവൻ വഴിയാണ് പിതാവ് ഹംസ കൽക്കത്തയിൽ എത്തുന്നത്. ആദ്യകാലം മുതൽ ചാങ്നി ചൗക്ക് , വെല്ലസ്സി എന്നിവിടങ്ങളിലായി ചായക്കടകൾ ഇവരുടെതായുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാട്ടിലെക്ക് എത്തി തിരിച്ച് കൽക്കത്തയിലെത്തിയപ്പോഴെക്കും ‘വെല്ലസ്ലിയിലെ ചായക്കട കെട്ടിട ഉടമ പിടച്ചടക്കിക്കഴിഞ്ഞിരുന്നു. തുടർന്നാണ് ഇന്നത്തെ ജനതാ ടീസ്റ്റാർ പ്രവർത്തനമാരംഭിരുന്നത്.

ആദ്യകാല തെരുവ് ഗുണ്ടകളും, ദാദാമാരും കളമൊഴിഞ്ഞിരിക്കുന്നു, തെരുവിന് കാര്യമായ മറ്റു മാറ്റങ്ങളെന്ന് പറയാൻ ബിൽഡിങ്ങുകൾ ഉയർന്നിട്ടുണ്ടെന്നല്ലാതെ ഒന്നുമില്ലായെന്നാണ് കടന്നുപോയ 46 വർഷങ്ങളുടെ അനുഭവത്തിലൂടെ അദ്ദേഹം പറഞ്ഞു വെക്കുന്നു. 46 വർഷങ്ങൾ സ്വന്തം ജീവിതത്തിൽ വരുത്തിത്തിർത്ത മാറ്റങ്ങൾ എന്നാലത്ര ചെറുതല്ലെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. മലയാളികളുടെ പ്രവാസ ജീവിതം കടൽ കടന്ന് ഗൾഫ് നാടുകളിലേക്ക് മാറിയപ്പോൾ അദ്ദേഹത്തിൻ്റെ 3 ആൺമക്കളും ഗൾഫ് പ്രവാസികളിലായി ജീവിച്ചു വരുന്നു. തലമുറകളായി പ്രവാസികളായി ജീവിതം വിധിക്കപ്പെട്ട ഒരു കുടുംബം.

 


നിജീഷ് എം.ടി എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


 

പ്രവാസികളായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ ജീവിതത്തിൻ്റെ നേർച്ചിത്രമായിരുന്നു അദ്ദേഹത്തിൻ്റെ ഒറ്റമുറി വീട് കണ്ടപ്പോൾ മനസ്സ് പ്രവാസജീവിതത്തിന്റെ സുഖ-ദുരിതാനുഭവങ്ങളിലേക്ക് വഴുതിമാറി. കഴിഞ്ഞ മുപ്പത്ത് വർഷത്തിലേറെയായി ജനതാ ടീ സ്റ്റാളിൽ ജോലി ചെയ്യുന്ന കാസിം അടക്കം 14 പേരാണ് ജനതാ ടീസ്റ്റാളിൽ തൊഴിലാളികളായി. കാസർഗോഡ് ഉദുമയിലെ പാക്കിയാര തറവാട്ടിലെ അബ്ബാസിയ മൻസിൽ മുഹമ്മദ്ഷാഫിക്കായുടെ ജനതാ ടീസ്റ്റാൾ തലമുറകളിലൂടെ ചാന്ദിനി ചൗക്കിൻ്റെ ഭാഗമായി മാറിക്കഴിഞ്ഞിയിരിക്കുന്നു.

നിജീഷ് എം.ടി: കൊയിലാണ്ടി സബ്‌ കോടതിയിലെ ക്ലാര്‍ക്കാണ് മൂടാടി സ്വദേശിയായ നിജീഷ് എം.ടി

ഫോൺ: 9495084696