മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന, പോലീസ് ലുക്ക് ഔട്ട്  നോട്ടീസ് പുറപ്പെടുവിച്ചു


താമരശ്ശേരി: ബഹ്റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ നാലുപ്രതികളും വിദേശത്തേക്ക് കടന്നതായി സൂചന. അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട്  നോട്ടീസ് പുറപ്പെടുവിച്ചതായും അറിയിച്ചു.

ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (23), പുള്ളാവൂര്‍ പിലാത്തോട്ടത്തില്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (23), വലിയപറമ്പ മീത്തലെ പനക്കോട് മുഹമ്മദ് ഷഹല്‍ (25), എകരൂര്‍ ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് നെടുമ്പാശ്ശേരി വിമാനത്താവളംവഴി ഇക്കഴിഞ്ഞ വ്യാഴാഴ്ച മൂന്നുവിമാനങ്ങളിലായി ബഹ്റൈനിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്.

ഈ മാസം ഒന്‍പതിനാണ് മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖി (36) നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ ലോഡ്ജില്‍ വച്ച് മര്‍ദിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് അനധികൃതമായി കടത്താന്‍ ഏല്‍പ്പിച്ച സ്വര്‍ണം മറ്റാര്‍ക്കോ ഷഫീഖ് കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമം.

തുടർന്ന് സ്വര്‍ണക്കടത്ത് സംഘം കൊടുവള്ളി ഭാഗത്തേക്ക് കാറില്‍ പോകുന്നതിനിടെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം ഹോട്ടലില്‍ ഭക്ഷണംകഴിക്കാനായി ഇറങ്ങിയപ്പോള്‍, ഷഫീഖ് കടയിലേക്ക് ഓടിക്കയറി സഹായം തേടിയതോടെയാണ് സംഘം അവിടെനിന്ന് കടന്നുകളഞ്ഞത്. ഇവര്‍ ഷഫീഖ് രക്ഷപ്പെട്ടതിന്റെ തൊട്ടുപിറ്റേന്നുതന്നെ രാജ്യംവിട്ടുകയായിരുന്നെന്നാണ് സൂചന.

കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത അന്നുതന്നെ വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തതാണ് പ്രതികള്‍ക്ക് കടന്നുകളയാന്‍ വഴിയൊരുക്കിയത്.

താമരശ്ശേരി ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ താമരശ്ശേരി, കൊടുവള്ളി ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്നുതന്നെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനനടത്തുകയും പ്രതികളുടെ വീടുകളില്‍ അന്വേഷണംനടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുത്ത ദിവസംതന്നെ വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കാനുള്ള നടപടിയുണ്ടായില്ല.

summary: police issued a lookout notice in connection with the beating of youth from mepayur by a gold smuggling gang, indicating that four suspects have gone abroad